കുന്നത്തൂരിൽ തെരുവുനായ് ആക്രമണം; മൂന്നുപേർക്ക് പരിക്ക്
text_fieldsശാസ്താംകോട്ട കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് കിടക്കുന്ന തെരുവുനായ്ക്കൾ
കുന്നത്തൂർ: കുന്നത്തൂർ പനന്തോപ്പിൽ മൂന്നുപേർക്ക് തെരുവു നായുടെ കടിയേറ്റു. മാനാമ്പുഴ കല്ലുംവിളയിൽ അരുണിന്റെ ഭാര്യ അശ്വതി (27), ശ്രീനാരായണ വിലാസത്തിൽ അശ്വാനന്ദ് (25), അജിത (50) എന്നിവർക്കാണ് കടിയേറ്റത്. നായുടെ ആക്രമണത്തിൽനിന്ന് അംബികാലയത്തിൽ കോമളവല്ലി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കോമളവല്ലിയെ നായ് ഓടിക്കുന്നത് കണ്ട് പ്രദേശവാസികളാണ് രക്ഷപ്പെടുത്തിയത്.
മകൾക്കൊപ്പം മാടൻനട ക്ഷേത്രത്തിലെ സപ്താഹത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ പനന്തോപ്പ് ജങ്ഷനിൽവെച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് അശ്വതിക്ക് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് അശ്വാനന്ദിനെയും അജിതയെയും നായ് ആക്രമിച്ചത്. കടിയേറ്റവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. പിന്നീട് അടൂർ ജനറൽ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്.

