തെരുവുനായ് ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്; പഞ്ചായത്ത് ഓഫിസിൽ പ്രതിഷേധം
text_fieldsപത്തനാപുരം: തെരുവുനായുടെ ആക്രമണത്തിൽ എട്ട് വയസ്സുകാരി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. പേയിളകിയതെന്ന് സംശയിക്കുന്ന നായെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. തെരുവുനായ് ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൽ പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ആറോടെ കുണ്ടയം മലങ്കാവ് മേഖലയിലാണ് തെരുവുനായ് ഭീതി പരത്തിയത്. താന്നിവിള ഷാജി മൻസിലിൽ വീടിനുള്ളിൽ കയറിയാണ് നായ് ആക്രമണം തുടങ്ങിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ ഷാഹുൽ ഹമീദിന്‍റെ (80) കൈക്ക് പരിക്കേറ്റു. വീടിനു പുറത്തു നിന്ന ഷാജിയെ (53) നായ് കടിച്ചു.
മലങ്കാവ് ജങ്ഷന് സമീപം സ്കൂളിലേക്ക് പോകാൻ കാത്തുനിന്ന കുട്ടികളെ ആക്രമിച്ചു. മണലയത്തു വീട്ടിൽ അതിഥിയുടെ (എട്ട്) കാലിലാണ് കടിയേറ്റു. കൂടെയുണ്ടായിരുന്ന പ്ലസ് വൺ വിദ്യാർഥി ക്രിസ്റ്റോ ജോബിൻ കുട്ടിയെ എടുത്തുയർത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നായ് കടിച്ചു.
ചെങ്കിലാത്ത് തെക്കേടത്ത് ഐപ്പ് നൈനാനു (43) പരിക്കേറ്റു. കർശന നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിനുള്ളിൽ കയറിയ എൽ.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ദിലീപ് സുലൈമാൻ, ജെ. മുഹമ്മദ് ഇല്യാസ്, കോട്ടാത്തല പ്രദീപ്, അൽ അമീൻ, മുജീബ് റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

