ചിതറയിൽ തെരുവുനായ് ശല്യം രൂക്ഷം, വളർത്തു മൃഗത്തെ കടിച്ചുകൊന്നു
text_fieldsകാനൂർ ഷൈലയുടെ വീട്ടിലെ ആടിനെ തെരുവുനായ് കടിച്ചുകൊന്ന നിലയിൽ
കടയ്ക്കൽ: ചിതറയിൽ തെരുവുനായ്കൾ വളർത്തു മൃഗത്തെ കടിച്ചുകൊന്നു. ചിതറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നായ്ശല്യം രൂക്ഷമാകുന്നു. ചിതറ ജങ്ഷൻ, കിഴക്കുംഭാഗം മാർക്കറ്റ്, വളവുപച്ച, മുതയിൽ, മടത്തറ, കാനൂർ എന്നിവിടങ്ങളിലാണ് ശല്യം കൂടുതൽ. കഴിഞ്ഞ ദിവസം പുലർച്ചെ കാനൂർ പണയിൽ വീട്ടിൽ ഷൈലയുടെ ആടിനെ കൂട്ടത്തോടെ എത്തിയ തെരുവുനായ്കൾ കടിച്ചുകൊന്നു.
പുലർച്ചെ പത്ര വിതരണത്തിനു പോകുന്നവരെ തെരുവുനായ് അക്രമിക്കുന്നത് പതിവാണ്. തെരുവുനായ്കൾ കൂട്ടത്തോടെ എത്തിയാണ് വഴിയാത്രകാർ ഉൾപ്പെടെ യുള്ളവരെ അക്രമിക്കുന്നത്. ഒരു മാസത്തിനുള്ളിൽ മേഖലയിൽ നിരവധി പേർക്കാണ് നായ് യുടെ അക്രമത്തിൽ പരിക്കേറ്റത്. ഇതിൽ വിദ്യാർഥികളും ഉൾപ്പെടും. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അസുഖം ബാധിച്ച നിരവധി തെരുവുനായ്കളെ അവശനിലയിൽ കാണപ്പെടുന്നുണ്ട്. പലതിനും പേവിഷ ബാധ ഉണ്ടെന്ന് സംശമുള്ളതായി നാട്ടുകാർ പറയുന്നു. കിഴക്കുംഭാഗം മാർക്കറ്റിൽ രാത്രി കാലങ്ങളിൽ കൂട്ടത്തോടെയാണ് തെരുവുനായ്കൾ എത്തിചേരുന്നത്.
മടത്തറ ടൗണിലും രാത്രിയായാൽ സമാനസ്ഥിതിയാണ്. മേഖലയിൽ തമിഴ്നാട്ടിൽ നിന്ന് തെരുവുനായ്കളെ കൂട്ടത്തോടെ ഉപേക്ഷിക്കുന്നവരുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. തെരുവുനായ്കളുടെ ശല്യം കാരണം വളർത്തു മൃഗങ്ങളെ വളർത്താൻ കഴിയാത്ത സ്ഥിതിയാണ്.
പലതവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

