തെരുവുനായ് ആക്രമണം: ശബരിമല തീർഥാടകർ ഉൾപ്പെടെ എട്ടു പേര്‍ക്ക് പരിക്ക്
text_fieldsrepresentational image
കുളത്തൂപ്പുഴ: പ്രദേശത്ത് വ്യത്യസ്ത സ്ഥലങ്ങളിൽ തെരുവുനായ് ആക്രമണത്തില്‍ ശബരിമല തീർഥാടകരടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍നിന്നെത്തിയ പുളിയറ സ്വദേശി ഇസക്കി, പുതുക്കോട്ട സ്വദേശി മണികണ്ഠന്‍, മധുര സ്വദേശി കനകരാജ് എന്നിവര്‍ക്ക് കുളത്തൂപ്പുഴ ശാസ്താക്ഷേത്ര പരിസരത്ത് വെച്ചും, കുളത്തൂപ്പുഴ മാര്‍ത്താണ്ഡങ്കര സ്വദേശി ലോട്ടറി വില്‍പനക്കാരനായ ബിജു, ഇ. എസ്.എം കോളനി സ്വദേശി ജേക്കബ്, നെടുവന്നൂര്‍ക്കടവ് സ്വദേശി അഭിരാമി, പള്ളംവെട്ടി സ്വദേശികളായ ബാലു, സുബ്ബയ്യ എന്നിവര്‍ക്കു മറ്റുസ്ഥലങ്ങളിൽവെച്ചുമാണ് തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകീട്ട് തമിഴ്നാട്ടിൽനിന്നെത്തിയ അയ്യപ്പഭക്തര്‍ കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ വാഹനത്തില്‍നിന്നിറങ്ങി നില്‍ക്കവേയാണ് തെരുവുനായ് ആക്രമിച്ചത്. സംഭവംകണ്ട് ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയും നായ് പാഞ്ഞെത്തിയെങ്കിലും ആളുകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നായ് ഓടി മാറുകയായിരുന്നു.
കുളത്തൂപ്പുഴ പഞ്ചായത്തിനു സമീപംവെച്ച് സുഹൃത്തുമായി സംസാരിച്ചു നില്‍ക്കവേയാണ് ജേക്കബിന് നായുടെ കടിയേറ്റത്. വീടിനു സമീപം കളിക്കുന്നതിനിടെയാണ് പന്ത്രണ്ടുകാരി അഭിരാമിക്കു നേരെ തെരുവുനായുടെ ആക്രമണമുണ്ടായത്. കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമികശുശ്രൂഷക്കുശേഷം വിട്ടയച്ചു. ഗുരുതര പരിക്കേറ്റ ഇസക്കി, മണികണ്ഠന്‍ എന്നിവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

