ജില്ലയില്‍ കുറയാതെ തെരുവുനായ് ശല്യം
text_fieldsകൊല്ലം: ജില്ലയില്‍ തെരുവുനായ് ശല്യം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നിയന്ത്രണനടപടികള്‍ ത്വരിതപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം. എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ജി. നിര്‍മല്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കോര്പറേഷന് പരിധിയില്‍ നായകളെ പിടിച്ച് വാക്സിനേഷന് നടത്തുന്നതിന് തുടക്കമിട്ടു. അടുത്തദിവസം കൂടുതൽ നായ്കളെ പിടികൂടി കുത്തിവെയ്പ് നല്‍കും. തെരുവുനായ ശല്യം കൂടുതലായ നെടുവത്തൂര്‍, കല്ലുവാതുക്കല്‍, തേവലക്കര ഉള്‍പ്പെടെയുള്ള ഹോട്ട് സ്പോട്ടുകളില്‍ കുറഞ്ഞത് അഞ്ച് കൂടുകള്‍ സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്കി. പട്ടിക്കൂട് ഇല്ലാത്ത പഞ്ചായത്തുകളില്‍ താൽകാലികമായി കൊട്ടിയത്ത് മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള കൂടുകള്‍ നല്‍കാനും തീരുമാനമായി. പേബാധയേറ്റ നായകളെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. നിലവില്‍ കടിയേറ്റ ആരുടെയും സ്ഥിതി ഗുരുതരമല്ല. ആവശ്യമായ അളവില്‍ വാക്സിനേഷന് ആശുപത്രികളില്‍ ലഭ്യമാണെന്നും യോഗത്തില്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നിർദേശം
മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടന്‍ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റ് കഴുകുക. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തി വൈദ്യസഹായം തേടുകയും പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യുക.
പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. മൃഗങ്ങളുടെ കടിയേറ്റാല്‍ പരമ്പരാഗത ഒറ്റമൂലി ചികിത്സകള്‍ തേടരുത്. വളര്‍ത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപെടുമ്പോള്‍ ഉണ്ടാകുന്ന ചെറിയ പോറലുകള്‍, മുറിവുകള്‍ എന്നിവ അവഗണിക്കരുത്.
വളര്‍ത്തു മൃഗങ്ങള്‍ക്കു യഥാസമയം കുത്തിവെയ്പ്പ്പെടുക്കുക. മൃഗങ്ങള്‍ ഉറങ്ങുമ്പോഴും ആഹാരം കഴിക്കുമ്പോഴും അവയെ ശല്യപെടുത്തരുത്. കുത്തിവെയ്പ്പെടുത്ത മൃഗമാണ് കടിച്ചതെങ്കിലും അല്ലെങ്കിലും ഉടനടി വൈദ്യ സഹായം തേടണം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് മൃഗങ്ങള്‍ കടിച്ചതെങ്കിലോ, മൃഗത്തിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടെങ്കിലോ, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തു പേവിഷ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലോ പേ വിഷ ബാധയുണ്ടാകാന്‍ സാധ്യതയുള്ള മൃഗമാണ് കടിച്ചതെങ്കിലോ പ്രത്യേകം ശ്രദ്ധിക്കണം.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകമായ വൈറസാണ് റാബിസ്. ഈ വൈറസ് മനുഷ്യരിലും മറ്റ് സസ്തനികളിലും രോഗബാധ ഉണ്ടാക്കും. വൈറസ് ശരീരത്തില്‍ കടന്നാല്‍ രണ്ട് മുതല്‍ മൂന്ന് മാസം കൊണ്ട് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

