ആവേശംനിറക്കാൻ സംസ്ഥാന സ്കൂൾ ഗെയിംസ്; നാല് വേദികൾ, 4000 പ്രതിഭകൾ
text_fieldsകൊല്ലം: ജില്ലയിലെ കായികപ്രേമികൾക്ക് ആവേശം പകർന്ന് സംസ്ഥാന സ്കൂൾ ഗെയിംസിന്റെ നാല് ഇനങ്ങൾക്ക് കൊല്ലം വേദിയാകുന്നു. 38 കായികയിനങ്ങൾ 10 ജില്ലകളിലായി നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ഗ്രൂലപ് എട്ട് വിഭാഗത്തിലെ ഹോക്കി, ജൂഡോ, ബേസ്ബാൾ, ഹാൻഡ്ബാൾ ഇനങ്ങളാണ് ജില്ലയിൽ വിവിധ വേദികളിലായി നടക്കുന്നത്. തിങ്കളാഴ്ച ഗെയിംസിന് തുടക്കമാകും. 13ന് സമാപിക്കും.
ഹോക്കി മത്സരങ്ങൾ ന്യൂ ഹോക്കി സ്റ്റേഡിയത്തിലും ഹാൻഡ്ബാൾ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലും ജൂഡോ റെയിൽവേ കമ്യൂണിറ്റി ഹാളിലും ബേസ്ബാൾ ആശ്രാമം മൈതാനത്തുമാണ് നടക്കുന്നത്.
ബേസ്ബാളിൽ സീനിയർ ആൺ, പെൺ വിഭാഗങ്ങളിലും മറ്റ് മൂന്ന് ഇനങ്ങളിലും സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺ-പെൺ വിഭാഗങ്ങളിലുമാണ് മത്സരങ്ങളുള്ളത്.
14 ജില്ലകളിൽ നിന്നായി നാലായിരത്തോളം മത്സരാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദിവസവും രാവിലെ 7.30ന് മത്സരങ്ങൾ ആരംഭിക്കും. വിവിധ ജില്ലകളിൽനിന്നുള്ള മത്സരാർഥികൾ ഞായറാഴ്ച മുതൽ എത്തിത്തുടങ്ങും.
പെൺകുട്ടികൾക്ക് സെന്റ് ജോസഫ് കോൺവെന്റ് എച്ച്.എസ്.എസ്, വിമലഹൃദയ ജി.എച്ച്.എസ്.എസ്, ഗവ. എച്ച്.എസ് ഫോർ ഗേൾസ് എന്നിവിടങ്ങളിലും ആൺകുട്ടികൾക്ക് ന്യൂ ഹോക്കി സ്റ്റേഡിയം, ടി.കെ.ഡി.എം എച്ച്.എസ് ഉളിയക്കോവിൽ, ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ് തേവള്ളി, ക്രിസ്തുരാജ് എച്ച്.എസ്.എസ്, എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസ്, ക്രേവൻ എൽ.എം.എസ്, ഗവ. വി.എച്ച്.എസ്.എസ് തട്ടാമല, ഗവ. ടി.ടി.ഐ കൊല്ലം,ഗവ. ടൗൺ യു.പി.എസ് എന്നിവിടങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഒമ്പതിന് രാവിലെ 7.30ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ പതാക ഉയർത്തുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും. 9.30ന് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അധ്യക്ഷത വഹിക്കും.
ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല നൂൺഫീഡിങ് സൂപ്പർവൈസർ സൈഫുദീൻ മുസ്ലിയാർ, ആർ.ഡി.എസ്.ജി.എ സെക്രട്ടറി എസ്. പ്രദീപ് കുമാർ, സ്വീകരണ കമ്മിറ്റി കൺവീനർ കെ. സന്തോഷ് കുമാർ, അക്കോമഡേഷൻ കമ്മിറ്റി കൺവീനർ സി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.