സംസ്ഥാന സ്കൂൾ ഗെയിംസിന് തുടക്കം
text_fieldsകൊല്ലത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിലെ ഗ്രൂപ്പ് എട്ട് മത്സരങ്ങൾ എം. നൗഷാദ് എം.എൽ.എ ഹാൻഡ്ബാൾ എറിഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ സമീപം
കൊല്ലം: സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് എട്ട് മത്സരങ്ങൾക്ക് ആവേശഭരിതമായ തുടക്കം. ഹോക്കി, ഹാൻഡ്ബാൾ, ബേസ്ബാൾ, ജൂഡോ മത്സരങ്ങൾക്കാണ് ജില്ല വേദിയാകുന്നത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ മത്സരങ്ങൾക്ക് തുടക്കംകുറിച്ച് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ പതാക ഉയർത്തി.
ഹോക്കി മത്സരങ്ങൾ ന്യൂ ഹോക്കി സ്റ്റേഡിയത്തിലും ഹാൻഡ്ബാൾ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലും ജൂഡോ റെയിൽവേ കമ്യൂണിറ്റി ഹാളിലും ബേസ്ബാൾ ആശ്രാമം മൈതാനത്തുമാണ് നടക്കുന്നത്. 14 ജില്ലകളിൽനിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2580 കായിക താരങ്ങളും 180 ഒഫിഷ്യൽസുമാണ് പങ്കെടുക്കുന്നത്. ഗെയിംസ് എം. നൗഷാദ് ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഡോ. പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. സവാദ്, സംസ്ഥാന സ്കൂൾ സ്പോട്സ് ഓർഗനൈസർ എൽ. ഹരീഷ് ശങ്കർ, സ്പോർട്സ് കോഓഡിനേറ്റർ മുഹമ്മദ് റാഫി, ഡി.ഡി.ഇ കെ.ഐ. ലാൽ, ആർ.ഡി.എസ്.ജി.എ സെക്രട്ടറി എസ്. പ്രദീപ്, സ്വീകരണ കമ്മിറ്റി കൺവീനർ കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.