സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍; ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍
text_fieldsസ്പെഷല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിൽ കലക്ടർ എൻ. ദേവിദാസ് സംസാരിക്കുന്നു
കൊല്ലം: സ്പെഷല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. എന്യൂമറേഷന് ഫോം വിതരണവും ഡിജിറ്റലൈസേഷനും നൂറുശതമാനം പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. 21,44,527 എന്യൂമറേഷന് ഫോമുകളാണ് വിതരണം ചെയ്തത്. 19,77,062 ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്തു. അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
കുറ്റമറ്റതും സമഗ്രവുമായ വോട്ടര്‍പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി നിലവില്‍ എ.എസ്.ഡി (ആബ്സെന്റ്, സ്ഥിരമായി സ്ഥലത്തിലാത്തവര്, മരണപ്പെട്ടവര്‍)/ വോട്ടര്‍മാരുടെ ആവര്‍ത്തനം/ 85 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ എന്നിവ ഒരിക്കല്‍ കൂടി ബി.എല്‍.ഒമാര്‍ മുഖാന്തരം പരിശോധിക്കും. ഇതില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ 18നകം തന്നെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ ബി.എല്‍.ഒമാരുടേയും ബന്ധപ്പെട്ട ഇ.ആര്.ഒമാരുടേയും ശ്രദ്ധയില്‍പ്പെടുത്തണം.
നിലവില്‍ ജില്ലയില്‍ മാപ്പിങ് ചെയ്യാന്‍ സാധിക്കാത്ത 2,060,21 വോട്ടര്‍മാരെ പരമാവധി മാപ്പിങ് ചെയ്യാന്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ഇതിന് ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സഹകരണവും കലക്ടര്‍ ആവശ്യപ്പെട്ടു. സ്പെഷല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ 1200 അധികം വോട്ടര്‍മാരുള്ള പോളിങ് സ്റ്റേഷനുകളാണ് പുന:ക്രമീകരിച്ചത്. ഇപ്രകാരം 11 നിയോജക മണ്ഡലങ്ങളിലായി പുതുതായി 300 പോളിങ് സ്റ്റേഷനുകള്‍ ജില്ലയില്‍ ക്രമീകരിച്ചതായും വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. തൃദീപ് കുമാര്‍ (കോണ്‍ഗ്രസ്), വി.കെ. അനിരുദ്ധന് (സി.പി.എം), അഡ്വ. എസ്. വേണുഗോപന്‍, ആലഞ്ചേരി ജയചന്ദ്രന് (ബി.ജെ.പി), അഡ്വ. വിനിത വിന്‍സന്റ് (സി.പി.ഐ),എ. ഇക്ബാല്‍ കുട്ടി (കേരള കോണ്‍ഗ്രസ് (എം), അഡ്വ. കൈപ്പുഴ വി. റാംമോഹന് (ആര്.എസ്.പി), നയാസു മുഹമ്മദ് (കേരള കോണ്‍ഗ്രസ് (ജോസഫ്)), ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

