എസ്.എൻ ട്രസ്റ്റ് റീജനൽ തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി പക്ഷത്തിന് സമ്പൂർണ ജയം
text_fieldsവെള്ളാപ്പള്ളി നടേശൻ
കൊല്ലം: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് 3(ഇ) റീജനൽ തെരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം. സംസ്ഥാനത്ത് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന അഞ്ച് റീജനുകളിലും വെള്ളാപ്പള്ളി പാനൽ വിജയിച്ചു. കാറ്റഗറി ഇ വിഭാഗത്തിൽ ആകെ 10 റീജനുകളിൽ നിന്നും 751 പേരെയാണ് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കുന്നത്.
ഇവയിൽ അഞ്ചെണ്ണത്തിൽ വെള്ളാപ്പള്ളി നയിക്കുന്ന പാനലിൽ നിന്ന് 317 പേർ നേരത്തേ എതിരില്ലാതെ വിജയിച്ചിരുന്നു. അവശേഷിച്ച 434 പേരെ തെരഞ്ഞെടുക്കുന്നതിനായാണ് കൊല്ലം, വർക്കല, പുനലൂർ, നങ്ങ്യാർകുളങ്ങര, തൃശൂർ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നത്. അഞ്ച് റീജനുകളിലുമായി 82443 വോട്ടർമാരിൽ 17220 പേരാണ് വോട്ടിട്ടത്. ഈ റീജയനുകളിൽ ഏറ്റവും കൂടുതൽ പേരെ തെരഞ്ഞെടുക്കുന്ന കൊല്ലത്ത് കടുത്ത മത്സരമാണ് നടന്നത്. എസ്.എൻ ട്രസ്റ്റ് സംരക്ഷണ സമിതിയും എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതിയും ചേർന്നുള്ള പാനലാണ് ഇവിടെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചത്. സംഘർഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു വോട്ടെടുപ്പ്.
ആദ്യമായി 117 സീറ്റുകളിലും പൂർണ മത്സരം നടന്ന കൊല്ലം റീജനിൽ വെള്ളാപ്പള്ളി പാനൽ മികച്ച വോട്ടിങ്ശതമാനത്തോടെയാണ് വിജയിച്ചത്. ആകെയുള്ള 21740 വോട്ടർമാരിൽ 7219 പേർ ശനിയാഴ്ചത്തെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ വോട്ടുകളുമായി ഔദ്യോഗിക വിഭാഗം സ്ഥാനാർഥി അഡ്വ.ജി. ശുഭദേവൻ ഒന്നാമതെത്തി.
4273 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 75 പേർക്ക് 4000 ത്തിലധികം വോട്ട് ലഭിച്ചു. 117ാമതെത്തിയ ടി.ഡി. ദത്തൻ 3705 വോട്ടുകളാണ് ഔദ്യോഗിക പക്ഷത്തിനുവേണ്ടി നേടിയത്. എതിർ പാനലിന് 2539 ആണ് കിട്ടിയതിൽ ഏറ്റവും ഉയർന്ന വോട്ടുനില. 2215 വോട്ടാണ് ഏറ്റവും പിന്നിലെത്തിയയാൾ നേടിയത്. 3(ഡി), 3(ഐ) വിഭാഗം തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ നവംബർ 24, 24 തീയതികളിൽ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ട്രഷറർ തെരഞ്ഞെടുപ്പുകൾ നടക്കും.
നിലവിലെ ട്രസ്റ്റ് ഭരണം ശ്രീനാരായണീയർ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് വോട്ടിങ് ശതമാനത്തിലെ കുറവെന്ന് ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ഭരണത്തിൽ ജനാധിപത്യം നഷ്ടപ്പെട്ടതിന്റെ തെളിവാണ് പോളിങ് ശതമാനത്തിലെ കുറവ്. ഔദ്യോഗിക പക്ഷം തങ്ങളുടെ ഇഷ്ടക്കാരെ മാത്രം ഉൾപ്പെടുത്തി, വോട്ടേഴ്സ് ലിസ്റ്റിൽ ക്രമക്കേട് നടത്തിയിട്ടും ശ്രീനാരായണീയരുടെ വിയോജിപ്പ് വ്യക്തമായി. ഇത് മുൻകൂട്ടി മനസ്സിലാക്കിയാണ് ധർമവേദി തെരഞ്ഞടുപ്പ് ബഹിഷ്കരിച്ചതെന്നും സൗത്ത് ഇന്ത്യൻ വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

