എസ്.എന്‍ കോളജ് സംഘര്‍ഷം; എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിച്ച മൂന്ന് എസ്.എഫ്.ഐക്കാര്‍ അറസ്റ്റില്‍
text_fieldsഎസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി ചിന്നക്കടയിൽ നടന്ന പ്രതിഷേധ മാർച്ച്
കൊല്ലം: എസ്.എന്‍ കോളജിലെ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷത്തിൽ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോളജിലെ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ഥികളായ ഗൗതം, രഞ്ജിത്, ജിത്തു എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതക ശ്രമം, മനഃപൂര്‍വമല്ലാത്ത നരഹത്യശ്രമം എന്നിങ്ങനെ വകുപ്പുകളിലായി 25ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഒളിവിലാണെന്നും അന്വേഷണം നടത്തിവരികയാണെന്നും ഈസ്റ്റ് പൊലീസ് പറഞ്ഞു. പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ വ്യാഴാഴ്ച വൈകീട്ട് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അതേസമയം എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ജില്ല ആശുപത്രിയില്‍വെച്ച് എസ്.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം സുമിയെയും ഇവരോടൊപ്പമുണ്ടായിരുന്ന വനിത പ്രവര്‍ത്തകരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ്.എഫ്.ഐ ഈസ്റ്റ് പൊലീസില്‍ പരാതി നല്കി. ഈ പരാതിയില്‍ സുമിയുള്പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ എ.ഐ.എസ്.എഫ് പ്രവര്ത്തകന് കൈയില്‍ കത്തിയുമായി നില്ക്കുന്ന നിലയിലുള്ള വിഡിയോ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബൂത്തുതലം മുതല്‍ സി.പി.ഐ നേതൃത്വത്തിലും എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതൃത്വത്തിലും ജില്ലയില്‍ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
സംഘർഷത്തെതുടർന്ന് കൊല്ലം എസ്.എൻ കോളജിന് മുന്നിൽ കാവൽ നിൽക്കുന്ന പൊലീസ്
എസ്.എന്‍ കോളജിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ചേർന്ന കോർപറേഷന് കൗണ്‍സില്‍ യോഗം സി.പി.ഐ അംഗങ്ങള്‍ ബഹിഷ്കരിച്ചു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മൂന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. തലക്ക് ഗുരുതര പരിക്കേറ്റ നിയാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
സംഭവം നടന്ന ബുധനാഴ്ച വൈകീട്ട് കോളജില്‍ അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് അന്വേഷണ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ വെള്ളിയാഴ്ചയും കോളജ് തുറക്കില്ല. കോളജ് പരിസരത്തും ഇരുവിഭാഗക്കാരുടെയും ഓഫിസുകളിലും പൊലീസ് കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

