എം.എൽ.എക്ക് ‘ചെക്ക്’ വെച്ച് സഹോദരിമാർ
text_fieldsകോവൂർ കുഞ്ഞുമോൻ എം.എൽ.എ ജാനകിയോട് മത്സരിക്കുന്നു
ശാസ്താംകോട്ട: കാൽ നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ കരുനീക്കങ്ങളിലെ മിടുക്കിനാൽ ചെസ് ബോർഡിലെ കരുക്കൾ നീക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ചെസ് മത്സരത്തിന് ഇറങ്ങിയത്. പക്ഷേ, ദേശീയ ചെസ് ചാമ്പ്യന്മാരായ സഹോദരിമാരോട് അവസാനം അടിയറവ് പറയേണ്ടി വന്നു.
എന്നാലും കാമ്പസ് കാലത്തെ ചെസ് മികവുകൾ കൈമോശം വന്നിട്ടില്ല എന്നു തെളിയിക്കാനും എം.എൽ.എക്ക് കഴിഞ്ഞു. തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന മെറിറ്റ് ഡേക്കിടയിലാണ് കൗതുകകരമായ ചെസ് മത്സരം അരങ്ങേറിയത്.
അണ്ടർ -11 സംസ്ഥാന ചാമ്പ്യനും ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ജാനകി എന്ന വിദ്യാർഥിനിയെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിനിടെയാണ് ജാനകിയുടെ സഹോദരിയും ദേശീയ ചെസ് ചാമ്പ്യയുമായ പൗർണമിയെ ആദരിക്കുന്ന ചടങ്ങിൽ മുമ്പൊരിക്കൽ എത്തിയപ്പോൾ ഒരു സൗഹൃദ മത്സരം കളിക്കാമെന്ന് എം.എൽ.എ വാഗ്ദാനം നൽകിയ കാര്യം സംഘാടകർ ഓർമിപ്പിച്ചത്.
ഉടൻതന്നെ എം.എൽ.എ സമ്മതം മൂളി. ചെസ് ബോർഡും എത്തി. സഹോദരിമാർ രണ്ടുപേരുമായും എം.എൽ.എ ഏറ്റുമുട്ടി. കോളജ് കാലത്തെ മത്സരങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ കരുനീക്കങ്ങൾ ആരംഭിച്ചെങ്കിലും ദേശീയ ചെസ് ചാമ്പ്യന്മാരായ പ്രതിഭകളോട് അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. തോൽവി സമ്മതിച്ച എം.എൽ.എ ഇരുവരും ലോകമറിയുന്ന ചെസ് പ്രതിഭകളായി മാറട്ടെ എന്ന ആശംസകൾ നേർന്നാണ് മടങ്ങിയത്.
കരുനാഗപ്പള്ളി ഗവ. കോളജ് അസി. പ്രഫ. സന്ദീപ് മോഹന്റെയും തേവലക്കര ഗേൾസ് ഹൈസ്കൂൾ അധ്യാപിക വി.ജി. ദിവ്യയുടെയും മക്കളായ പൗർണമിയും ജാനകിയും കുട്ടിക്കാലം മുതൽ തന്നെ ചെസിൽ മികവ് തെളിയിച്ച് ഫിഡെ റേറ്റിങ് ഉൾപ്പടെ നേടിയിട്ടുണ്ട്.
ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പൗർണമി ഇന്ത്യയെ പ്രതിനിധീകരിച്ചു അന്തർദേശീയ മത്സരത്തിനായി തയാറെടുക്കുമ്പോൾ സഹോദരി ജാനകി ദേശീയ ചാമ്പ്യൻഷിപ്പിൽ മികവും തെളിയിച്ചു. ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിനായി തയാറെടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

