എസ്.ഐ.ആർ; ജില്ലയിൽ കൂടുതൽ പേർ പുറത്തായത് ഇരവിപുരം മണ്ഡലത്തിൽ
text_fieldsകൊല്ലം: സ്പെഷൽ ഇൻറൻസീവ് റിവിഷൻ (എസ്.ഐ.ആർ) 2026 നടപടികളുടെ ഭാഗമായി ജില്ലയിൽ നിന്ന് 1,60,642 വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ എറ്റവും കൂടുതൽപേർ പുറത്തായ നിയോജകമണ്ഡലം ഇരവിപുരം.
ഇരവിപുരം നിയോജകമണ്ഡലത്തിൽനിന്ന് 18,519 പേരാണ് പുറത്തായിരിക്കുന്നത്. ഏറ്റവും കുറവ് കുന്നത്തൂർ മണ്ഡലത്തിലുമാണ് (10,586). 21.44 ലക്ഷം വോട്ടർമാർ ഉൾപ്പെട്ട ജില്ലയിൽ 92.51 ശതമാനം എൻട്രികൾ ഡിജിറ്റൈസ് ചെയ്യാനായെന്നും അധികൃതർ വ്യക്തമാക്കി. മരണം, സ്ഥിരതാമസം മാറ്റൽ, കണ്ടെത്താനാകാതിരിക്കുക, ഇരട്ട എൻട്രി, മറ്റ് കാരണങ്ങൾ തുടങ്ങിയ അടിസ്ഥാനങ്ങളിലാണ് വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്.
ജില്ലയിൽ മരണം മൂലം ഒഴിവാക്കിയത് 49,283 വോട്ടർമാരെയാണ്. കണ്ടെത്താനാകാതിരിക്കുക /ഹാജരാകാത്തവർ എന്നീ കാരണത്താൽ 39,667 പേരെയും ഒഴിവാക്കി. സ്ഥിരമായി താമസം മാറ്റിയവർ 54,089, മുമ്പുതന്നെ എൻറോൾ ചെയ്തവർ 10,432, മറ്റ് കാരണങ്ങൾ 7,171 എന്നിങ്ങനെയാണ് ആകെ 1,60,642 പേർ പട്ടികയിൽനിന്ന് പുറത്തായത്.
ഒഴിവാക്കപ്പെട്ടവരിൽ തെറ്റിദ്ധാരണയോ പരാതിയോ ഉള്ളവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചു. 2026 ഫെബ്രുവരി 14 വരെ പരിശോധനകൾ പൂർത്തിയാക്കി, ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

