എസ്.ഐ.ആര്‍: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയിൽ ഒഴിവായത് 1,60,642 വോട്ടര്‍മാർ
text_fieldsകൊല്ലം: സ്‌പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ പ്രക്രിയയിലൂടെ കണ്ടെത്തിയ ജില്ലയിലെ വോട്ടര്‍മാരുടെ കരടുപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ചേമ്പറില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവേ വിവിധ കാരണങ്ങളാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവായവരില്‍ അര്‍ഹരായവരെ കണ്ടെത്താന്‍ സഹകരിക്കണമെന്ന് അറിയിച്ചു.
കരട് പട്ടികയിൽ 19,83,885 വോട്ടര്‍മാരാണുള്ളത്; പുരുഷന്‍: 9,46,604, സ്ത്രീ: 10,37,263, ട്രാന്‍സ്ജന്‍ഡര്‍: 18. മുന്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്: 21,44,527. കരട് പട്ടികയില്‍ വിവിധകാരണങ്ങളാല്‍ ഒഴിവായത് 1,60,642 വോട്ടര്‍മാരാണ്. ജനുവരി 22 വരെ കരട് പട്ടിക സംബന്ധിച്ച സംശയങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും സമര്‍പ്പിക്കാം. പട്ടിക നിയോജകമണ്ഡല അടിസ്ഥാനത്തില്‍ എല്ലാ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്കും, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും കൈമാറും.
2002 ല്‍ തയ്യാറാക്കിയ അവസാന എസ്.ഐ.ആര്‍ പട്ടിക പ്രകാരം കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കി ഹിയറിങ് നടത്താന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. ഫെബ്രുവരി 14ന് മുമ്പ് പരാതികളിലും, ഹിയറിങ്ങിലൂടെ ലഭ്യമായ അപേക്ഷകളിലും തീരുമാനമെടുക്കണം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 26ന് പ്രസിദ്ധീകരിക്കും. എച്ച്. ബേസില്‍ ലാല്‍ (സി.പി.എം), അഡ്വ. തൃദീപ് കുമാര്‍ (കോണ്‍ഗ്രസ്), എം. എസ്. ലാല്‍ (ബി.ജെ.പി), മുഹമ്മദ് നയാസ് (കേരള കോണ്‍ഗ്രസ് ജോസഫ്), അഡ്വ. വി. കൈപ്പുഴ റാം മോഹന്‍ (ആര്‍.എസ്.പി), എ. ഇക്ബാല്‍കുട്ടി (കേരള കോണ്‍ഗ്രസ് എം), എം. ശശികല റാവു (ബി.ജെ.പി), തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സൂപ്രണ്ട് കെ. സുരേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

