എസ്.ഐ.ആർ: സമ്മർദം താങ്ങാനാവാതെ ബി.എൽ.ഒമാർ
text_fieldsകൊല്ലം: ജില്ലയിൽ വോട്ടർ പട്ടിക തീവ്ര പുന:പരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലവൽ ഓഫീസർമാർ (ബി.എൽ.ഒ) കടുത്ത സമ്മർദ്ദത്തിൽ. വില്ലേജ് ഓഫീസർമാരെ തഹസീൽദാർമാർ വിളിച്ച് സമ്മർദമേറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രശ്നം. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം നടപ്പാക്കാൻ ഓരോ ഉദ്യോഗസ്ഥനും മേലുദ്യോഗസ്ഥന്റെ ജോലി സമ്മർദം അനുഭവപ്പെടുന്ന സ്ഥിതിയാണ്. ജോലി സമ്മർദംമൂലം കണ്ണൂരിൽ അനീഷ് ജോർജ് എന്ന ബി.എൽ.ഒ ജീവനൊടുക്കിയ വാർത്ത പുറത്തുവന്നതോടെ ജില്ലയിലെ ബി.എൽ.ഒ മാരും ആശങ്കയിലാണ്. ജോലിയിൽ നിന്ന് വിട്ടുനിന്നുള്ള ഇന്നലത്തെ അവരുടെ സമരം പൂർണമായിരുന്നു.
ജില്ലയിൽ ഏകദേശം 1600ഓളം ബി.എൽ.ഒമാരാണ് ഫീൽഡിലുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്റെ ഭീഷണി ഒഴിവായിക്കിട്ടാൻ ജില്ലകൾ തമ്മിലും താലൂക്കുകൾ തമ്മിലുമുള്ള മൽസരമാണ്. ഡപ്യൂട്ടി കലക്‌ടർ തഹസീൽദാരെ വിളിക്കുമ്പോൾ, തഹസീൽദാർ വില്ലേജ് ഓഫീസറെ വിളിച്ച് സമ്മർദമേറ്റുന്നു. വില്ലേജ് ഓഫീസർ ആകട്ടെ ബി.എൽഒമാരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇന്നലെ വരെയുള്ള കണക്കിൽ ജില്ലയിൽ 75ശതമാനം പരിശോധന നടന്നു. പത്തനാപുരം താലൂക്ക് ആണ് മുന്നിൽ.
സമ്മർദം കാരണം പരിശോധന പലയിടത്തും പേരിനുമാത്രമാണ് നടക്കുന്നത്. ഇതുമൂലം നിരവധി വോട്ട് ഇല്ലാതാവുന്ന സ്ഥിതിയുണ്ട്. വീടുകളിൽ ആളില്ലെങ്കിൽ പല ബി.എൽ.ഒമാരും വോട്ടർപട്ടികയിൽ നിന്നും അവരെ വെട്ടിമാറ്റുകയാണ്. തൊട്ടടുത്ത വാർഡുകളിലേക്കോ പ്രദേശങ്ങളിലേക്കോ താമസം മാറ്റിയവർ, വാടകവീട്ടിൽ താമസിക്കുന്നവർ, കുറെ ദിവസം വീടുവിട്ട് നിൽക്കുന്നവർ, വിനോദസഞ്ചാരത്തിന് പോയവർ, ആശുപത്രിയിലുള്ളവർ, താൽക്കാലികമായി മക്കൾക്കൊപ്പം താമസിക്കുന്നവർ, പഠനത്തിന് പോയിട്ടുള്ളവർ, വീട് അടച്ചിട്ടിട്ട് മറ്റ് ജില്ലകളിൽ ജോലിക്ക് പോയവർ എന്നിങ്ങനെ നിരവധി പേർക്കാണ് വോട്ട് ഇല്ലാതാവുന്നത്.
ചിലയിടങ്ങളിൽ ടാർജറ്റ് പൂർത്തീകരിക്കാൻ വോട്ടറെ കാണാതെ എന്യുമറേഷൻ ഫോറം പൂരിപ്പിക്കുകയും കൂടാതെ ഫോറം വീടുകളിൽ ഇട്ടിട്ട് പോവുന്ന സ്ഥിതിയുമുണ്ട്. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബി.എൽ.ഒമാരിൽ എഴുപത് ശതമാനവും സ്‌ത്രീകളാണ്. അതിരാവിലെ ബൂത്ത് മേഖലയിൽ എത്തിയാൽ രാത്രി വൈകിയും വീടുകൾ കയറുകയാണ് അവർ. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാതെ ഇവർ വലയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

