കൊല്ലം: ഒരിക്കൽ കൂടി ആ പിടിവിട്ടുപോകാതെ ശിവ അമ്മ മധു ചൗധരിയുടെ കൈയിൽ മുറുകെ പിടിച്ചു. പരസ്പരം പുൽകി അമ്മയും മകനും കൊല്ലത്തിെൻറ നന്മക്ക് ആനന്ദ കണ്ണീരിൽ നന്ദി അർപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ശിവ ചൗധരി എന്ന 19കാരന് ഭാഷയറിയാത്ത നാട്ടിൽ ഒറ്റപ്പെട്ട ഏഴ് മാസത്തിന് ശേഷമുള്ള മടക്കം.
മധ്യപ്രദേശിലെ കട്നി ജില്ലയിലെ പഹാരുവ കട്നിയിൽ സുരേഷ് ചൗധരി- മധു ചൗധരി ദമ്പതികളുടെ മകനായ ശിവ ഏഴ് മാസം മുമ്പ് ചെന്നൈയിലേെക്കന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. ആദ്യ രണ്ട് മാസത്തോളം കുടുംബവുമായി ഫോൺ വഴി ബന്ധമുണ്ടായിരുന്നു. പിന്നീട് ആ ബന്ധം മുറിഞ്ഞു. എന്താണ് പറ്റിയതെന്നോ കേരളത്തിൽ എങ്ങനെ എത്തിയെന്നോ ശിവക്കുമറിയില്ല.
മേയ് 30ന് കിളികൊല്ലൂർ പാലത്തിന് സമീപം അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ചെറുപ്പക്കാരനെ പൊലീസും സന്നദ്ധസേവകരുമാണ് കൊല്ലം കോർപറേഷെൻറ നിയന്ത്രണത്തിലുള്ള ഗേൾസ് സ്കൂളിലെ ക്യാമ്പിലെത്തിച്ചത്. ഏറെ പരിതാപകരമായിരുന്നു യുവാവിെൻറ അവസ്ഥ. മാനസിക പ്രശ്നങ്ങൾ മാറി പതിയെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന് ജില്ല ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതോടെ വളൻറിയർമാരും കാത്തിരുന്നു. ഇതിനിടയിൽ വളൻറിയർ ഫോണിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ശ്രദ്ധിച്ച ശിവ ഒരു പേര് നോക്കാൻ പറഞ്ഞു. സഹോദരൻ ആണെന്ന് ശിവ പറഞ്ഞ ആ വ്യക്തിക്ക് വിവരങ്ങളും ചിത്രവും വിളിക്കാനുള്ള ഫോൺ നമ്പറും വിപിൻ അയച്ചുനൽകി. വൈകാതെ സഹോദരനെ തിരിച്ചറിഞ്ഞ് വിളിയെത്തി.
വെള്ളിയാഴ്ച ബോയ്സ് സ്കൂളിൽ അമ്മയെ കണ്ടപാടെ കാലിൽ വീണ് കരഞ്ഞ ശിവ, പതിയെ അമ്മയുടെ കണ്ണീർ തുടച്ച്, മധുരം നൽകി പുഞ്ചിരിച്ചു. അമ്മയുടെയും അമ്മാവെൻറയും കൈപിടിച്ച് വീടണയാനുള്ള ട്രെയിൻ കയറി. മൂന്ന് മാസം മുമ്പ് പിതാവ് മരിച്ച വിവരം രഹസ്യമാക്കി െവച്ചാണ് ക്യാമ്പ് അധികൃതരും ബന്ധുക്കളും അവനെ വീണ്ടും ജീവിത ട്രാക്കിലേക്ക് കൈപിടിച്ചുകയറ്റിയത്.
ശിവക്ക് കുടുംബത്തെ തിരിച്ചുനൽകാനായതിെൻറ സന്തോഷത്തിലാണ് വളൻറിയേഴ്സായ എസ്. വിപിൻ, സാമുവൽ, സുജിത് സുരേന്ദ്രൻ, അഖിൽ കടവൂർ എന്നിവർ. കോർപറേഷെൻറ ക്യാമ്പിൽ തെരുവിൽ ജീവിതം നയിച്ചുവന്ന 56 പേരാണ് ഇപ്പോളുള്ളത്.