ശാസ്താംകോട്ടയിൽ സംഘർഷം; എസ്എഫ്ഐ ജില്ല കമ്മിറ്റി അംഗത്തെ മർദിച്ചതായി പരാതി
text_fieldsവിദ്യാർഥിയെ മർദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യം
കൊല്ലം: ഡി.ബി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ ശാസ്താംകോട്ട ജങ്ഷനിൽ എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗത്തെ കെ.എസ്.യു പ്രവർത്തകരും പൊലീസും ക്രൂരമായി മർദിച്ചതായി പരാതി. ഡി.ബി കോളജിൽ പി.ജി രണ്ടാം വർഷ വിദ്യാർഥി കിഴക്കേകല്ലട സ്വദേശി അഖിൽ ഫ്രാൻസിസിനെയാണ് മർദിച്ചത്. സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് ലാത്തിവീശി.
കോളജ് യൂനിയൻ പിടിച്ചതിന്റെ ആഹ്ലാദത്തിൽ പ്രകടനമായി വന്ന കെ.എസ്.യു പ്രവർത്തകർ ശാസ്താംകോട്ട ജങ്ഷനിൽ ബസ് കാത്തുനിന്ന അഖിലിനെ മർദിച്ചതായാണ് പരാതി. വളഞ്ഞിട്ട് മർദിക്കുന്നതിനിടെ രക്ഷിക്കാൻ ശ്രമിക്കാതെ പൊലീസ് ഉദ്യോഗസ്ഥരും ലാത്തികൊണ്ട് അടിച്ചെന്നാണ് പരാതി. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ അഖിലിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു, സി.പി.എം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ. ശങ്കരപിള്ള, ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി സെക്രട്ടേറിയേറ്റംഗം ശ്യാംമോഹൻ, ജില്ല സെക്രട്ടറി ശ്രീനാഥ്, എസ്.എഫ്.ഐ ജില്ല സെക്രട്ടറി വിഷ്ണു എന്നിവർ സ്ഥലത്തെത്തി. അക്രമം നടത്തിയവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ എസ്.പി ഓഫിസ് മാർച്ച് ഉൾപ്പെടെ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

