കടകളിൽനിന്ന് മലിനജലം; കരിക്കോട് ദുർഗന്ധമയം
text_fieldsകരിക്കോട് ജങ്ഷനിലെ ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്നു
കരിക്കോട്: കടകളിൽനിന്നുള്ള മലിനജലംകൊണ്ട് ഓടകൾ നിറഞ്ഞ് ദുർഗന്ധം വമിച്ചിട്ടും ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്തും കണ്ട മട്ടില്ല. കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട്ടാണ് ഓടകൾ ദുഃസ്ഥിതിയിലുള്ളത്. ടി.കെ.എം കോളജ്, സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയിലെ ഓടകളാണ് മലിനജലം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലുള്ളത്.
അധികാരികളുടെ ഒത്താശയോടെയാണ് ഹോട്ടലുകൾ ഉൾപ്പെടെ കടകളിൽനിന്നും മലിനജലം റോഡിനടിയിലൂടെ പൈപ്പ് സ്ഥാപിച്ച് ഓടയിലേക്ക് വിടുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇവിടെ മാലിന്യം കെട്ടിക്കിടന്ന് പുഴുവരിച്ച് ദുർഗന്ധം വമിക്കുന്നതുമൂലം വഴിയാത്രക്കാർക്കും, വ്യാപാരികൾക്കും ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. സ്കൂൾ കുട്ടികളുൾപ്പെടെ ദിനേന ആയിരക്കണക്കിനാളുകളാണ് ഇതുവഴി യാത്രചെയ്യുന്നത്.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധന നടക്കുന്ന കാലത്തും ഓടയിലേക്കുള്ള പൈപ്പുകളും മാലിന്യവും നീക്കം ചെയ്ത് പകർച്ചവ്യാധികളും പനിയും പിടിപെടാതിരിക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

