അക്ഷയ സെന്ററുകളിലെ സേവന ചാർജ്; കോടതി നിരീക്ഷണം സംഘർഷത്തിനിടയാക്കുന്നു
text_fieldsകൊല്ലം : അക്ഷയ സെന്ററുകളിലെ സേവന ചാർജ്ജ് സംബന്ധിച്ച കോടതി നിരീക്ഷണം സംഘർഷത്തിനിടയാക്കുന്നു. കേരളത്തിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെന്ററുകളല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നുമാണ് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവായത്. ഇത് ചൂണ്ടിക്കാട്ടി അക്ഷയയിൽ അപേക്ഷകളുമായി എത്തുന്നവർ സർവീസ് ചാർജ് നൽകാൻ വിസമ്മതിക്കുന്നത് പലയിടത്തും തർക്കത്തിനും വഴക്കിനും കാരണമായിരിക്കുകയാണ്.
അതേസമയം സേവന കേന്ദ്രമാണെന്നത് കോടതി നിരീക്ഷണം മാത്രമാണെന്നും സേവന നിരക്ക് നൽകേണ്ടെന്ന് കോടതി ഉത്തരവിട്ടിട്ടില്ലന്നും ഓൾ കേരള അക്ഷയ എന്റർപ്രണേഴ്സ് കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.നന്ദകുമാർ പറഞ്ഞു. അക്ഷയയിലെ സേവനങ്ങൾക്ക് നിശ്ചിത തുകപോലും നൽകേണ്ടതില്ലന്ന പ്രചാരണം പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അക്ഷയ സെന്ററുകൾ വഴി നൽകുന്ന കെ.സ്മാർട്ട് സേവനങ്ങൾക്ക് കൂടിയാലോചനയില്ലാതെ സർക്കാർ ഏർപ്പെടുത്തിയ നിരക്ക് സ്റ്റേ ചെയ്യണമെന്നും അക്ഷയ സംരംഭകരുമായും ആലോചിച്ചു സേവന നിരക്ക് വർധിപ്പിക്കുന്നതിന് ഉത്തരവ് ഇടണമെന്നും അഭ്യർഥിച്ച് അക്ഷയ കോൺഫെഡറേഷൻ തന്നെയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ഈ ഹരജി പരിഗണിച്ചാണ് കെ.സ്മാർട്ട് നിരക്കുകൾ വർധിപ്പിക്കാൻ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടത്.
കഴിഞ്ഞമാസം ആറിനാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങളിലെ കെ.സ്മാർട്ട് സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. അക്ഷയ സംരംഭകർക്ക് സ്ഥാപനങ്ങൾ തുടങ്ങുന്നതിനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനോ വാടക നൽകുന്നതിനോ യാതൊരുവിധ ഗ്രാൻറോ ഇതര സഹായങ്ങളോ സർക്കാർ നൽകുന്നില്ലെന്നിരിക്കെയാണ് സർക്കാർ ഉത്തരവ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സംഘടന ഹൈകോടതിയെ സമീപിച്ചത്.
സ്വകാര്യ ഓൺലൈൻ സേവനകേന്ദ്രങ്ങൾ ഉയർന്ന നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് അക്ഷയ കേന്ദ്രങ്ങളിൽ നിന്നുമുള്ള സേവനങ്ങൾക്ക് പുതിയ സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. കെ-സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. ഇത് ചോദ്യം ചെയ്താണ് അക്ഷയ സംരംഭകരുടെ സംഘടന ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

