കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കോച്ചിന് മുകളിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് ജീവനക്കാരന് ഗുരുതര പരിക്കേറ്റു. എ.സി മെക്കാനിക്കായ രാജസ്ഥാൻ സ്വദേശി റാം പ്രസാദ് മീണ(29)ക്കാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച രാവിലെ 9.55നായിരുന്നു സംഭവം.
രാവിലെ 7.15ന് കൊല്ലത്തെത്തിയ എഗ്‌മോർ-കൊല്ലം എക്സ്പ്രസിലെ എ.സി മെക്കാനിക്കായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ചെന്നൈയിലേക്ക് തിരികെപ്പോകേണ്ട ട്രെയിനിലെ എ.സിയിലെ തകരാർ പരിഹരിക്കാൻ മുകളിൽ കയറിയപ്പോൾ ലൈനിൽനിന്ന് ഷോക്കേറ്റതാകാമെന്നാണ് നിഗമനം.
അറ്റകുറ്റപ്പണിക്കായി ട്രെയിനിന് മുകളിൽ കയറുന്ന വിവരം സഹപ്രവർത്തകരെയും അധികൃതരെയും അറിയിച്ചിരുന്നില്ലെന്നും പറയുന്നു.
അപകടസ്ഥലത്തെ ഇലക്ട്രിക് വയറിൽ തൂങ്ങിയ നിലയിൽ ഹെഡ്ഫോണും മൊബൈൽ ഫോണിെൻറ ഭാഗങ്ങളും കണ്ടെടുത്തു. പരിക്കേറ്റ റാം പ്രസാദിനെ അഗ്നിരക്ഷാസേനയെത്തി ജില്ല ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷക്കുശേഷം വിദഗ്ധചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.