കടൽ മണൽ ഖനനം: തീരദേശം പ്രതിഷേധ തിരയിൽ
text_fieldsസ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ കൊല്ലം തുറമുഖത്തിന് സമീപം കടലിൽ വള്ളങ്ങൾ നിരത്തി
പ്രതിഷേധിച്ചപ്പോൾ
കൊല്ലം: കേരള തീരത്ത് കടലിൽ ഖനനം നടത്തി നിർമാണാവശ്യങ്ങൾക്ക് മണ്ണെടുത്ത് വിൽപന നടത്താൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന തീരുമാനത്തിനെതിരിൽ തീരദേശമേഖലയയിൽ പ്രക്ഷോഭം തുടങ്ങി.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘ബ്ലൂ ഇക്കോണമി’യുടെ ഭാഗമായുള്ള പദ്ധതിയുടെ ആദ്യ നടപ്പ് കേന്ദ്രമാകാനൊരുങ്ങുന്ന കൊല്ലം പരപ്പ് പ്രദേശത്താണ് സമര സംഗമങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നേതൃത്വത്തിൽ കൊല്ലം തുറമുഖ കവാടത്തിന് സമീപം കടലിൽ വള്ളങ്ങൾ നിരത്തി പ്രതിഷേധിച്ചു.
കടൽ ഖനനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റിയും മത്സ്യത്തൊഴിലാളി കോൺഗ്രസും കൊല്ലം പോർട്ടിലേക്ക് ഈമാസം അഞ്ചിന് പ്രതിഷേധ മാർച്ചും ധർണയും നടത്തും. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ ഈ മാസം എട്ടിന് മത്സ്യബന്ധന വള്ളങ്ങൾ കടലിൽ നിരത്തി കടൽ സംരക്ഷണ ശൃംഖല ഒരുക്കും. കഴിഞ്ഞ മാസം 11നും 12നും കൊച്ചിയിൽ കേന്ദ്ര മൈനിങ് മന്ത്രാലയം നടത്തിയ ശിൽപശാലയിലാണ് കടൽ മണൽ ഖനന കാര്യം കൂടുതൽ വ്യക്തമായത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മറൈൻ ആൻഡ് കോസ്റ്റൽ സർവേ ഡിവിഷൻ നടത്തിയ പഠനത്തിൽ കേരളതീരത്തെ കടലിൽനിന്ന് 745 മില്യൺ ടൺ നിർമ്മാണവശ്യങ്ങൾക്കുള്ള മണൽ ഖനനം ചെയ്തെടുക്കാമെന്ന് പറയുന്നുണ്ടന്നും തീരദേശം മുതൽ 12 നോട്ടിക്കൽ മൈൽവരെയുള്ള ‘ഇന്ത്യൻ ടെറിട്ടോറിയൽ വാട്ടേഴ്സ്’ ഭാഗത്തും 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള ഇക്കണോമിക് എസ്ക്ലൂസീവ് സോണിന്റെ ഭാഗത്തും ഈ മണൽ വിന്യാസമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയതായും ചൂണ്ടികാട്ടിയാണ് മണൽ ഖനനത്തിന് സ്വകാര്യ കമ്പനികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചത്.
ഫെബ്രുവരി 18 നകം താല്പര്യപത്രം സമർപ്പിക്കാമെന്നും 28 ന് ടെണ്ടർ നടപടി പൂർത്തിയാകുമെന്നുമാണ് സർക്കാർ പറയുന്നത്. പൊന്നാനി സെക്ടർ, ചാവക്കാട് സെക്ടർ, ആലപ്പുഴ സെക്ടർ, കൊല്ലം വടക്ക് സെക്ടർ, കൊല്ലം തെക്ക് സെക്ടർ എന്നീ മേഖലകളാണ് ഖനനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഈ മേഖലയിൽ കടലിൽ ഏകദേശം 48 മീറ്റർ മുതൽ 62 മീറ്റർ വരെ ആഴത്തിൽ മണൽനിക്ഷേപമുണ്ടെന്നാണ് അവകാശവാദം. കൊല്ലം മേഖലയാണ് ഇതിൽ ഏറ്റവും വലിയ പ്രദേശം.
കോർപറേറ്റുകൾക്ക് മാത്രം സാമ്പത്തികനേട്ടം ഉണ്ടാക്കാൻ ഉതകുന്ന മണൽ ഖനന പദ്ധതി, കടലിന്റെ ജൈവ വൈവിധ്യത്തെയോ, ആവാസ വ്യവസ്ഥയെയോ, കടലും കടൽ തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയെയോ പരിഗണിക്കുന്നില്ലന്നാണ് മത്സ്യതൊഴിലാളി സംഘടനകളുടെ നിലപാട്. കടലും കടൽ തീരവും അതീവ ലോല പരിസ്ഥിതി പ്രദേശമാണന്നും അവിടെ നടത്തുന്ന ഏതൊരു ചെറിയ ഇടപെടൽ പോലും കടൽ പരിസ്ഥിതിയിലും, കടൽ ജീവികളുടെ ആവാസ വ്യവസ്ഥയിലും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് അവർ ചൂണ്ടികാട്ടുന്നു.
കടലിൽ നടത്തുന്ന മണൽ ഖനനം മത്സ്യസമ്പത്തിനേയും, മത്സ്യത്തൊഴിലാളികളുടെ ജീവിതത്തേയും ഏറെ പ്രതികൂലമായി ബാധിക്കും. കൊല്ലം ജില്ലയിലെ പറവൂർ മുതൽ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിവരെ ഏകദേശം 3300 ചതുരശ്ര കിലോമീറ്റർ വീസ്തീർണ്ണത്തിലും, 275 മീറ്റർ മുതൽ 375 മീറ്റർ വരെ ആഴത്തിലും വ്യാപിച്ചുകിടക്കുന്ന കൊല്ലം കടൽതിട്ട പോഷകമൂല്യവും വാണിജ്യമൂല്യവും ഏറെയുള്ള മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണ്. പദ്ധതിയിൽ നിന്ന് പിന്മാറിയില്ലങ്കിൽ കടലിൽ ഡ്രഡ്ജിങ് തടയുന്നതുൾപെടെ സമരപരിപാടികളാണ് മത്സ്യതൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

