മുണ്ടയ്ക്കലിൽ കടൽകയറ്റം രൂക്ഷം; വീടുകൾ തകർച്ചഭീഷണിയിൽ
text_fields1. മുണ്ടയ്ക്കൽ സെന്റ് ജോർജ് കുരിശടിക്ക് സമീപം ഏതു സമയവും നിലംപൊത്താവുന്ന നിലയിലുള്ള വീട് 2. കടൽകയറ്റത്തിൽ വീടുകൾ തകർന്ന നിലയിൽ
ഇരവിപുരം: മുണ്ടയ്ക്കലിൽ കടൽകയറ്റം രൂക്ഷമായി തുടരുന്നു. നിരവധി വീടുകൾ ഏതു സമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. പതിനഞ്ചോളം വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. മുണ്ടയ്ക്കൽ സെന്റ് ജോർജ് കുരിശടിക്ക് സമീപത്തെ വീടുകളാണ് കടലാക്രമണത്തിൽ തകരുന്നത്. ഇവിടുത്തെ താമസക്കാർക്ക് വീടും സ്ഥലവും വാങ്ങുന്നതിനായി പത്തുലക്ഷം രൂപ വീതം അനുവദിച്ചതിനെ തുടർന്ന് ഏതാനും പേർ മയ്യനാട്ട് സ്ഥലം വാങ്ങിയെങ്കിലും വീട് വെക്കുവാനുള്ള തുക അനുവദിക്കുന്നതിനുള്ള ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. പാതി തകർന്ന വീടുകളിലാണ് പല കുടുംബങ്ങളും കഴിയുന്നത്. ഏതു സമയവും നിലംപൊത്താവുന്ന വീടുകളിൽ കഴിയുന്നവരെ അടിയന്തിരമായി മാറ്റി പാർപ്പിച്ചില്ലെങ്കിൽ അപകടം ഉണ്ടാകാൻ ഇടയുന്നുണ്ടെന്നും അധികൃതരുടെ ഭാഗത്തു നിന്നും അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും മത്സ്യതൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് റാഫേൽ കുര്യൻ ആവശ്യപ്പെട്ടു. സെന്റ് ജോർജ് കുരിശടിക്ക് മുന്നിൽ റോഡ് പകുതിയിലധികം കടലെടുത്തു കഴിഞ്ഞു.
ഇതിനടുത്ത് താൽക്കാലിക ഷെഡ് കെട്ടി താമസം അവിടേക്ക് മാറുവാൻ അധികൃതർ നിർദേശിച്ചെങ്കിലും അതിനുള്ള പണം എവിടെ നിന്നും കണ്ടെത്തുമെന്നറിയാതെ വലയുകയാണ് കുടുംബങ്ങൾ.