വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ട്രാവല്‍ ഏജന്‍സി ഉടമ പിടിയില്‍
text_fieldsസെയ്ദലി
ഇരവിപുരം: വിദേശ രാജ്യത്തേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും യാത്രക്ക് മുമ്പ് ടിക്കറ്റ് കാന്‍സല്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയില്‍. കൂട്ടിക്കടയില്‍ സഫാരി ട്രാവല്‍സ് ആൻഡ് ജനറല്‍ സർവീസ് എന്ന സ്ഥാപനം നടത്തുന്ന മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് ലിബാസ് മന്‍സിലില്‍ സെയ്ദലി ലിബാസ് (35) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
ഷാര്‍ജയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ യുവതിക്ക് ന്യൂസിലൻഡിലേക്ക് കുടിയേറാന്‍ സഹായിക്കാമെന്നും അതിനായി അവിടെ നടക്കുന്ന 15 ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്നും പറഞ്ഞാണ് തട്ടിപ്പ് ആരംഭിച്ചത്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താൽപര്യം അറിയിച്ച യുവതിയോട് മടക്ക യാത്രക്കുമുള്ള വിമാന ടിക്കറ്റ് കുറഞ്ഞ തുകക്ക് ബുക്ക് ചെയ്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 1.85 ലക്ഷത്തോളം രൂപ ഓണ്‍ലൈനായി വാങ്ങി. ടിക്കറ്റ് ബുക്ക് ചെയ്ത് യുവതിക്ക് നല്കി. യാത്ര പുറപ്പെടുന്നതിന് മുമ്പ് ടിക്കറ്റ് കാന്‍സല്‍ ചെയ്ത് തുക പ്രതിയുടെ അക്കൗണ്ടില്‍ തിരിച്ച് വാങ്ങി.
സമാന രീതിയില്‍ യുവതിയുടെ സുഹൃത്തുക്കളില്‍ നിന്ന് ഇയാള്‍ തട്ടിപ്പ് നടത്തി ഒമ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. വിമാന ടിക്കറ്റുമായി യാത്രക്കായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ടിക്കറ്റ് കാന്‍സലായ വിവരം യുവതിയും സുഹൃത്തുക്കളും അറിയുന്നത്. പ്രതിയുടെ തട്ടിപ്പ് മനസിലായ യുവതി പൊലീസില്‍ പരാതി നൽകുകയായിരുന്നു. കൊല്ലം എ.സി.പി ഷെരീഫിന്റെ നിർദേശാനുസരണം ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയേഷ്, ഷാജി, സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് അഞ്ച് പരാതി കൂടി ലഭിച്ചിട്ടുണ്ട്. കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് ഇരവിപുരം പൊലീസ് പരിശോധിച്ചുവരികയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.