ഈ കലുങ്ക് അടിപ്പാതയാക്കുമോ...
text_fieldsശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ കലുങ്ക്
ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷന് സമീപം അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെയിൽവേ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള വേങ്ങ നിവാസികൾക്കും ട്രെയിൻ യാത്രക്കാർക്കും സൗകര്യപ്രദമാകും എന്നതിനാലാണ് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നത്.
അടിപ്പാതക്കായുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഇവിടെയുണ്ട്. മുമ്പ് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് വേങ്ങ തെക്ക് ഭാഗത്തേക്ക് പോകാൻ താൽകാലിക സൗകര്യം ഉണ്ടായിരുന്നു. ഇവിടെ ചങ്ങല ഉപയോഗിച്ച് ഗതാഗതം തടഞ്ഞിരുന്നങ്കിലും അത്യാവശ്യഘട്ടങ്ങളിൽ റെയിൽവേ ജീവനക്കാരെത്തി ചങ്ങല തുറന്ന് കൊടുത്ത് ഗതാഗത സൗകര്യം ഒരുക്കിയിരുന്നു.
പിന്നീട് ഗേറ്റ് സ്ഥാപിച്ചങ്കിലും ഉപയോഗപ്പെടുത്താതെ പിന്നീട് അടച്ചുപൂട്ടി. ഇതോടെ വേങ്ങ തെക്ക് ഭാഗത്തുള്ളവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കരുനാഗപ്പള്ളി, ശാസ്താംകോട്ട മേഖലകളിലേക്ക് പോകണമെങ്കിൽ കിലോമീറ്ററുകളോളം ചുറ്റി തോപ്പിൽമുക്ക് - കാരാളിമുക്ക് ഭാഗത്ത് കൂടി സഞ്ചരിക്കേണ്ട അവസ്ഥയാണ്.
അല്ലങ്കിൽ കരാൽമുക്ക് റെയിൽവേ ഗേറ്റ് വഴി സഞ്ചരിക്കണം. ഒട്ടുമിക്ക നേരവും ഇവിടെ ഗേറ്റ് അടഞ്ഞുകിടക്കുന്നതിനാൽ അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രികളിൽ പോകുന്നതിനോ വിദ്യാർഥികൾക്ക് കൃത്യസമയത്ത് സ്കൂളിൽ എത്തുന്നതിനോ കഴിയാറില്ല. യാത്രാ ദുരിതം മൂലം ഈ ഭാഗത്തേക്ക് ഓട്ടോറിക്ഷകൾ ഓട്ടം പോലും വരാറില്ലന്നാണ് പ്രദേശവാസികളുടെ പരാതി.
അടിപ്പാത നിർമിച്ചാൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർക്കും സൗകര്യപ്രദമാകും. കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡിൽ അടിപ്പാതക്ക് സമാനമായ വലിയ കലുങ്കുണ്ട്. നിലവിൽ വെള്ളം ഒഴുകിപ്പോകുന്ന തോടായി കിടക്കുകയാണ്. ഒപ്പം കാട് മൂടിയും മാലിന്യ നിക്ഷേപ കേന്ദ്രവുമാണ്. ഈ കലുങ്കിനെ അടിപ്പാതയായി വികസിപ്പിച്ചെടുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

