വെട്ടിയതോട് പാലം നിർമാണം ഇഴയുന്നു
text_fieldsപടിഞ്ഞാറേകല്ലട പഞ്ചായത്തിലെ നിർമാണം ഇഴഞ്ഞുനീങ്ങുന്ന കോതപുരം വെട്ടിയതോട് പാലം
ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ കോതപുരം വെട്ടിയതോട് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു. പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകാൻ താൽക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ടങ്കിലും മറ്റ് അനുബന്ധ പ്രവൃത്തികളും അപ്രോച്ച് റോഡിന്റെ നിർമാണവും പൂർത്തിയായിട്ടില്ല. പാലത്തിന്റെ കോൺക്രീറ്റിങ് ജോലികൾ പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സമാന്തര റോഡ് നിർമാണം പല കാരണങ്ങളാൽ തടസ്സപ്പെട്ടു. നിർമാണ സ്ഥലത്തെ വൃക്ഷങ്ങൾ, മതിലുകൾ, കെട്ടിടങ്ങൾ എന്നിവയുടെ ലേല നടപടികൾ വൈകിയതാണ് സമാന്തര റോഡ് നിർമാണം നടക്കാതെപോയത്. ഓൺലൈനായി നടക്കുന്ന ലേലനടപടികൾ അന്തിമമാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
പിന്നീട് നടപടികൾ പൂർത്തീകരിച്ച് വൃക്ഷങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് താൽക്കാലിക സംവിധാനമൊരുക്കിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
2021 നവംബർ 12 നാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. 3.27 കോടി രൂപ പാലത്തിനും 2.16 കോടി രൂപ സമാന്തര റോഡിനുമായാണ് അനുവദിച്ചത്.
24 മീറ്റർ നീളത്തിൽ നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയിൽ രണ്ട് സ്പാനുകളിലായിട്ടാണ് പാലത്തിന്റെ നിർമാണം. ഉദ്ഘാടന അവസരത്തിൽ ഒരുവർഷത്തിനുള്ളിൽ പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇപ്പോൾതന്നെ രണ്ട് വർഷത്തോളമായി. പണി പൂർത്തീകരിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരുന്ന സ്ഥിതിയാണ്. 2011 ലെ ബജറ്റിലാണ് വെട്ടിയതോട് പാലത്തിന് ആദ്യമായി തുക അനുവദിക്കുന്നത്. 2.74 കോടി രൂപയാണ് അനുവദിച്ചത്. വസ്തു വിട്ടുനൽകേണ്ടിവരുന്ന തർക്കം ഉൾപ്പെടെ സാങ്കേതിക പ്രശ്നങ്ങൾമൂലം പാലം നിർമാണം ഒരു പതിറ്റാണ്ടിലേറെ നീണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

