കൃഷി ഓഫിസറില്ല; മൈനാഗപ്പള്ളിയിൽ പദ്ധതി പ്രവർത്തനം താളംതെറ്റുന്നു
text_fieldsമൈനാഗപ്പള്ളി കൃഷി ഭവൻ
ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്ത് കൃഷി ഭവനിൽ കഴിഞ്ഞ ആറുമാസത്തിലധികമായി കൃഷി ഓഫിസറില്ലാത്തത് പദ്ധതി പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നു. മാസങ്ങൾക്കുമുമ്പ്, നിലവിലുണ്ടായിരുന്ന കൃഷി ഓഫിസർ സ്ഥലംമാറിപ്പോയതോടെ പകരം ഓഫിസർ ചാർജെടുത്തിരുന്നു.
എന്നാൽ, ചിങ്ങമാസത്തിലെ കർഷക ദിനാചരണ പരിപാടി നടത്തിയ ശേഷം അദ്ദേഹം അവധിയിൽ പ്രവേശിച്ചു. തുടർന്ന്, ഓഫിസറില്ലാത്ത അവസ്ഥയാണ്. ഇത് പഞ്ചായത്തിലെ കാർഷിക മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കാർഷിക മേഖലയിൽ നടപ്പാക്കാൻ മൈനാഗപ്പള്ളി പഞ്ചായത്ത് ആസൂത്രണം ചെയ്ത ആറിലധികം പദ്ധതികൾ മുടങ്ങിയ സ്ഥിതിയാണ്. പദ്ധതി പൂർത്തീകരണത്തിന് കേവലം രണ്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്. തുടങ്ങിവെക്കാൻ പോലും കഴിയാത്തത് പദ്ധതികൾ താളംതെറ്റുന്നതിന് കാരണമായിട്ടുണ്ട്.
നെൽകൃഷി ചെയ്ത കർഷകരുടെ സബ്സിഡിയും വിതരണം ചെയ്യാൻ കഴിയുന്നില്ല. സമയബന്ധിതമായി തീർപ്പ് കൽപിക്കേണ്ട ഭൂമി തരം മാറ്റൽ അടക്കമുള്ള മറ്റ് പല അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. തരിശു ഭൂമിയും നിലവും കൃഷിചെയ്യുന്നതിന് സർക്കാർ രൂപവത്കരിച്ച പല വൻപദ്ധതികളും മൈനാഗപ്പള്ളിയിൽ നടപ്പാക്കാൻ കഴിയുന്നില്ല.
അതേസമയം, കൃഷിഭവൻ വഴി വിതരണം ചെയ്യുന്ന പല ആനുകൂല്യങ്ങളും ചില നിക്ഷിപ്ത താൽപര്യക്കാർക്ക് മാത്രമാണ് ലഭിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. കൃഷി ഓഫിസറില്ല എന്ന വിവരം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് പറഞ്ഞു. കൃഷി ഓഫിസറെ നിയമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ ആവശ്യപ്പെട്ടു.