ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് ഉറപ്പ് പാഴായി; ശാസ്താംകോട്ടക്ക് അവഗണന
text_fieldsശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ
ശാസ്താംകോട്ട: കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചപ്പോൾ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനെ ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. പുതിയ സ്റ്റോപ്പുകൾ അനുവദിക്കുമ്പോൾ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുമെന്ന ജനപ്രതിനിധികളുടെ ഉറപ്പാണ് പാഴായത്.
കണ്ണൂർ, മാവേലി, ഇന്റർസിറ്റി എന്നീ എക്സ്പ്രസ് ട്രെയിനുകളിൽ ചിലതിനെങ്കിലും സ്റ്റോപ്പ് ലഭിക്കുമെന്നാണ് ജനപ്രതിനിധികൾ ഉറപ്പ് പറഞ്ഞിരുന്നത്. ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ ഇത് സംബന്ധിച്ച് ഉറപ്പ് പറഞ്ഞിരുന്നു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റെയിൽ സിറ്റി എന്ന സംഘടന പിന്നീട് കൊടിക്കുന്നിൽ സുരേഷ് എം.പിക്കും കേന്ദ്ര മന്ത്രി ജോർജ് കുര്യനും നിവേദനം നൽകിയിരുന്നു.
ബി.ജെ.പി പ്രാദേശിക-ജില്ല ഘടകങ്ങൾ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വഴി കേന്ദ്രമന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു. ഈ അവസരങ്ങളിലെല്ലാം എതെങ്കിലും ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. കോവിഡിന് മുമ്പ് വരെ ഉണ്ടായിരുന്ന കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റോപ്പ് കോവിഡിനെ തുടർന്നാണ് പിൻവലിച്ചത്. കോവിഡിന് ശേഷം മറ്റ് എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചെങ്കിലും ശാസ്താംകോട്ടയിൽ സ്റ്റോപ്പില്ല.
ആലപ്പുഴ വഴിയുള്ള മാവേലി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചാൽ പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനകരമായേനെ.
തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവർക്ക് പ്രയോജനകരമായ ഇന്റർസിറ്റി എക്സ്പ്രസിനും സ്റ്റോപ്പ് പ്രതീക്ഷിച്ചിരുന്നു. അനുദിനം യാത്രക്കാരുടെ എണ്ണം വർധിച്ചു വരുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റേപ്പ് ലഭിക്കാത്തതിൽ കടുത്ത നിരാശയിലാണ് യാത്രക്കാരും പ്രദേശവാസികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

