കണ്ണൊന്ന് തെറ്റിയാൽ അപകടം; പുളിന്തിട്ട-ചാത്താംകുളം റോഡിൽ കനാലിന് കൈവരിയില്ലാത്തത് അപകടഭീഷണി
text_fieldsപുളിന്തിട്ട-ചാത്താംകുളം റോഡിൽ കനാലിന് കൈവരിയില്ലാത്ത ഭാഗം
ശാസ്താംകോട്ട: പോരുവഴി, ചക്കുവള്ളി പ്രദേശങ്ങളെ തെങ്ങമവുമായി ബന്ധിപ്പിക്കുന്ന പുളിന്തിട്ട -ചാത്താംകുളം റോഡിൽ കനാലിന് കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു. റോഡിന്‍റെ ഗിരിപുരം ഭാഗത്താണ് ആഴത്തിലുള്ള കനാൽ കടന്നുപോകുന്നത്.
ഇരുഭാഗത്തും കൈവരി ഇല്ലാത്തതിനാൽ വാഹനങ്ങൾ നിരന്തരം അപകടത്തിൽപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു. കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പാണ്. രാത്രികാലങ്ങളിൽ കാൽനട യാത്രക്കാരും ഭയന്നാണ് ഇതുവഴി സഞ്ചരിക്കുന്നത്.
സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ പോകുന്നതും മലനട മലക്കുട മഹോത്സവ ദിവസം ഏറെ തിരക്കേറുന്ന പാതയുമാണിത്. കനാൽ കടന്നുപോകുന്ന റോഡിന്റെ ഇടത്-വലത് ഭാഗത്ത് മരക്കമ്പ് കുഴിച്ചിട്ട് അതിൽ കെട്ടിയിരിക്കുന്ന റിബണാണ് അപകടസൂചന മുന്നറിയിപ്പ്.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ ബജറ്റ് വർക്കിൽ ഉൾപ്പെടുത്തി ടാറിങ് നടത്തിയിരുന്നു. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും രണ്ടാംഘട്ട ടാറിങ് നടത്തിയില്ലെന്ന് പരാതിയുണ്ട്. കനാലിന്റെ ഇരുഭാഗത്തും കൈവരികൾ നിർമിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ വരിക്കോലിൽ ബഷീർ, സാബു ജോർജ് എന്നിവർ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

