അപകടത്തിൽപെട്ട ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി
text_fieldsശാസ്താംകോട്ട: ശൂരനാട്-കണ്ണമം ചന്തക്ക് സമീപം ബസിന് ഇടം കൊടുക്കവേ നിയന്ത്രണം തെറ്റിയ ലോറി റോഡരികിലെ മരത്തിൽ ഇടിച്ചു കയറി; വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ മരം പിഴുതുവീണു. ഞായറാഴ്ച രാവിലെ 5.45നാണ് അപകടം. ലോറിയുടെ കാബിൻ പൂർണമായും തകർന്നു. ഡ്രൈവർ കൊച്ചാലുംമൂട് സ്വദേശി വൈശാഖ് (27) കാബിനിൽ കുടുങ്ങി.
പാലുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ശാസ്താംകോട്ടയിൽ നിന്നുള്ള അഗ്നിശമനസേന അംഗങ്ങൾ കാബിൻ വെട്ടിപ്പൊളിച്ചാണ് വൈശാഖിനെ രക്ഷപ്പെടുത്തിയത്.
സേനയുടെ ആംബുലൻസിൽ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചു. ഡ്രൈവറുടെ കാലിന് സരമായ പരിക്കുണ്ട്. വണ്ടിയിൽ മറ്റ് രണ്ട് സഹായികളും ഉണ്ടായിരുന്നു. ഗ്രേഡ് എ.എസ്.ടി.ഒ സജീവ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷിനു, രതീഷ്, അഭിലാഷ്, മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ ഹരിപ്രസാദ്, ഹോംഗാ ർഡ് ബിജു, ശ്രീകുമാർ എന്നിവരും പങ്കെടുത്തു.