ശാസ്താംകോട്ട താലൂക്ക് ആശുപത്രി; പണിതിട്ടും പണിതിട്ടും പണിതീരാതെ...
text_fieldsശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ നിർമാണം നടക്കുന്ന മാതൃ-ശിശു പരിചരണ കേന്ദ്രം
ശാസ്താംകോട്ട: നൂറുകണക്കിന് സാധാരണക്കാർ ദിനംപ്രതി ചികിത്സ തേടിയെത്തുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിർമാണം ഇഴയുന്നതിനാൽ രോഗികൾ അടക്കമുള്ളവർ വലയുന്നു. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ഇത് സാരമായി ബാധിക്കുന്നു.3.3 കോടി ചിലവിൽ മാതൃശിശു പരിചരണ കേന്ദ്രം നിർമാണം മാസങ്ങൾക്ക് മുമ്പ് തുടങ്ങിയെങ്കിലും വേഗം പോരാ.
നിർമാണ പ്രവർത്തനത്തിന് വേണ്ടി പ്രധാന കവാടം അടച്ചതിനാൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ മാത്രമേ ആശുപത്രിയിലെത്താൻ കഴിയു. ഇവിടെ എത്തിയാലും ഒ.പി ടിക്കറ്റ് കൗണ്ടർ എവിടെയെന്നോ ഡോക്ടറെ കാണാൻ എവിടെ പോകണമെന്നോ എന്ന് അറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്.
മാതൃ ശിശു കേന്ദ്രം പണിയുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് 2016 - 17ലാണ് തുക അനുവദിച്ചത്. 2018-19ൽ പി.ഡബ്ല്യു.ഡി പ്ലാൻ തയാറാക്കി നൽകി. മൂന്ന് നിലകളുള്ള കെട്ടിടം ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കി എൻ.എച്ച്.ആർ.എമ്മിന് കൈമാറണമെന്നും എൻ.എച്ച്.ആർ.എം ഇതിനോടൊപ്പം ആറ് കോടി രൂപ കൂടി ചെലവഴിച്ച് വിപുലമായ കെട്ടിട സമുച്ചയം തീർക്കുമെന്നുമായിരുന്നു വ്യവസ്ഥ.
എന്നാൽ, ആദ്യത്തെ കെട്ടിടം പണി നീണ്ടുപോയതോടെ അനുവദിച്ച തുകക്ക് പ്ലാൻ പ്രകാരം കെട്ടിട നിർമാണം നടത്താൻ കഴിയാതെ വരികയും നിരവധി തവണ പ്ലാനിൽ മാറ്റംവരുത്തേണ്ടി വരികയും ചെയ്തു. നിലവിൽ മാതൃ ശിശു സംരക്ഷണ കേന്ദ്ര നിർമാണം ഒരു നിലയായി ചുരുക്കി. ഇതിന്റെ പ്രവൃത്തി പൂർത്തിയാക്കി 2024 മാർച്ചിൽ കൈമാറണമെന്ന് അന്തിമ നിർദേശം വന്നങ്കിലും നിർമാണം ഇഴയുകയാണ്. ഇതോടെ എൻ.എച്ച്.ആർ.എമ്മിന്റെ ഫണ്ട് പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ്.
ആശുപത്രി വികസനത്തിന് വേണ്ടി പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന 50 സെന്റ് ഭൂമി ഏറ്റെടുത്തെങ്കിലും തുടർ നടപടി പൂർത്തിയാക്കാത്തതിനാൽ എമർജൻസി ബ്ലോക്ക് നിർമാണത്തിന് വേണ്ടി എൻ.എച്ച്.ആർ.എം അനുവദിച്ച മറ്റൊരു എട്ട് കോടി രൂപ നഷ്ടപ്പെട്ട അവസ്ഥയാണ്.
ആർദ്രം പദ്ധതി പ്രകാരം ഒ.പി കൗണ്ടറും മറ്റും പ്രവർത്തിപ്പിക്കാൻ മറ്റൊരു കെട്ടിടം പണി ആരംഭിച്ചിരുന്നു. ആശുപത്രി വികസന ഭാഗമായി എക്സ്റേ യൂനിറ്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിട്ട് രണ്ട് വർഷത്തിലേറെയായി. പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ നവംബർ 25ന് യൂനിറ്റ് പ്രവർത്തനം പുനരാരംഭിച്ചെങ്കിലും യന്ത്രത്തകരാർ മൂലം പ്രവർത്തനം ആരംഭിച്ചില്ല.
ഇതോടെ എക്സ്റേ എടുക്കുന്നതിന് സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതിനിടെ പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച കമാനം കഴിഞ്ഞദിവസം പൊളിച്ചുനീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

