ശാസ്താംകോട്ട തടാക സംരക്ഷണം: ചെലവഴിച്ചത് 59.63 ലക്ഷം; ജനം ഒന്നും അറിഞ്ഞില്ല
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ട തടാക സംരക്ഷണത്തിന് 59.63 ലക്ഷം രൂപ ചെലവഴിച്ചതായി സംസ്ഥാന തണ്ണീർതട അതോറിറ്റി. തടാക സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ ചെയർമാർ കെ. കരുണാകരൻ പിള്ളക്ക് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ചെലവഴിച്ച തുക അറിയിച്ചത്. വേമ്പനാട്ട് കായലിന് 140.75 ലക്ഷവും അഷ്ടമുടി കായലിന് 144.75 ലക്ഷം രൂപയും ചെലവഴിച്ചതായും മറുപടിയിലുണ്ട്.
മൂന്ന് റാംസർ തണ്ണീർ തടങ്ങളുടെ സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട് ജലഗുണനിലവാരമളക്കൽ, നീർമറി പ്രദേശ സംരക്ഷണ പ്ലാൻ തയാറാക്കൽ, വെബ് പോർട്ടൽ, മൊബൈൽ ആപ് വികസനം, വേമ്പനാട്ട് കായലിൽ കൂട് മത്സ്യകൃഷി , ശാസ്താംകോട്ട കായലിൽ മത്സ്യസമ്പത്തിന്റെ ജൈവ വൈവിധ്യം തിട്ടപ്പെടുത്തൽ, പായൽ നീക്കം ചെയ്യൽ മുതലായ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിച്ചത്.
തടാകത്തിന്റെ സംരക്ഷണ കമ്മിറ്റി രൂപവത്കരിച്ചതിനും പ്ലാൻ തയാറാക്കിയതിനും ബോധവത്കരണം നടത്തിയതിനും 2275000 രൂപ, പായൽ നീക്കിയതിന് മൂന്ന് ലക്ഷം രൂപ, മത്സ്യവൈവിധ്യം പഠിച്ചതിന് ആറ് ലക്ഷം രൂപ, മറ്റ് പഠനങ്ങൾക്ക് 14 ലക്ഷം രൂപ എന്നിവ ചെലവഴിച്ചതായും വിവരാവകാശരേഖയിൽ പറയുന്നു.
ഇത്തരത്തിലുള്ള ഒരു പ്രവർത്തനവും ശാസ്താംകോട്ട തടാകവുമായി ബന്ധപ്പെട്ട് നടന്നതായി അറിവില്ലെന്ന് ജനം പറയുന്നു. തടാകത്തിലെ പായൽ നീക്കി ശുചീകരണം നടത്തുന്നത് യുവജനങ്ങളുടെ കൂട്ടായ്മ സൗജന്യമായാണ്. ഇതിനും മൂന്ന് ലക്ഷം രൂപ ചെലവഴിച്ചതായാണ് അതോറിറ്റിയുടെ മറുപടി. മുമ്പ് ബദൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി നടപ്പിലാക്കിയ 14.8 കോടിയുടെ പദ്ധതിയിൽ ഏഴ് കോടിയലധികം ചെലവഴിച്ച് പൈപ്പ് ഇട്ടതിലുള്ള അഴിമതി വിജിലൻസിന്റെ രണ്ട് സംഘം അന്വേഷിച്ചിട്ടും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല. പദ്ധതി പിന്നീട് ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

