ശാസ്താംകോട്ടയിലെ കനാൽ കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു; മൂന്ന് കോടി പാഴായി
text_fieldsകനാലിൽ നിന്നുള്ള കുടിവെള്ള പദ്ധതിക്ക് സ്ഥാപിച്ച മോട്ടോറുകൾ കാടുകയറിയ നിലയിൽ
ശാസ്താംകോട്ട: തടാകത്തിലെ ജലനിരപ്പ് കുറഞ്ഞ് വിവിധ കുടിവെള്ള പദ്ധതികളിലേക്കുള്ള ജലവിതരണം മുടങ്ങിയതിനെ തുടർന്ന് ബദൽ സംവിധാനം എന്ന നിലയിൽ ആരംഭിച്ച കനാലിൽ നിന്നുള്ള കുടിവെള്ള പദ്ധതി ഉപേക്ഷിച്ചു. ഇതോടെ ചെലവഴിച്ച മൂന്ന് കോടിയോളം രൂപ പാഴായി. കനാലിൽ നിന്നുള്ള വെള്ളത്തെ ആശ്രയിക്കാതെ തടാകത്തിൽ നിന്ന് പമ്പ് ചെയ്യാൻ വെള്ളം ഉള്ളതിനാലാണ് പദ്ധതി പ്രയോജനപ്പെടുത്താത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
നാല് വർഷം മുമ്പാണ് കനാലിൽ നിന്നുള്ള കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കുന്നത്. ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയും കൊല്ലം, ചവറ-പന്മന കുടിവെള്ള പദ്ധതികളിലേക്കും പ്രാദേശിക കുടിവെള്ള പദ്ധതികളിലേക്കും ഉള്ള ജലവിതരണം നിലക്കുമെന്ന സാഹചര്യത്തിലാണ് കനാലിൽ നിന്നുള്ള കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. വേനൽക്കാലത്ത് കെ.ഐ.പിയുടെ കനാലിൽ കൂടി ജലം കടത്തിവിട്ട് ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫിസിന് സമീപം കനാലിൽ തടയണ കെട്ടി ഇവിടെ മോട്ടോർ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് ഫിൽട്ടർ ഹൗസിൽ എത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി.
എന്നാൽ കനാലിൽ നിന്നുള്ള വെള്ളം കുടിവെള്ളമാക്കുന്നതിനെതിരെ പദ്ധതിയുടെ തുടക്കത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. മാലിന്യനിക്ഷേപ കേന്ദ്രങ്ങളായ കനാലിൽ കൂടി കിലോമീറ്ററുകളോളം സഞ്ചരിച്ചെത്തുന്ന വെള്ളം മലിനമാണെന്ന ആശങ്കയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ പ്രതിഷേധങ്ങളെ വകവെക്കാതെ അധികൃതർ പദ്ധതിയുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. ഒന്നുരണ്ട് വർഷം ഈ വിധത്തിൽ കുടിവെള്ളം വിതരണം ചെയ്തു.
കഴിഞ്ഞ വർഷം ഏതാനും ദിവസവും വെള്ളം വിതരണം ചെെയ്തങ്കിലും ഈ വർഷം പദ്ധതി പൂർണമായി ഉപേക്ഷിച്ചിരിക്കുകയാണ്. മോട്ടോറുകൾ സ്ഥാപിക്കുന്നതിനും ഫിൽട്ടർ ഹൗസിലേക്ക് പൈപ്പുകൾ സ്ഥാപിക്കുന്നതിനും ഉൾപ്പെടെ മൂന്ന് കോടിയോളം രൂപയാണ് ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

