ശാസ്താംകോട്ടയിൽ റവന്യൂ ടവർ ഉയരുന്നു
text_fieldsകോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ റവന്യൂ ടവർ ഉയരുന്നു. 12.68 കോടി രൂപ നിർമ്മാണ ചെലവ് വരുന്ന രണ്ട് ലിഫ്റ്റ് സൗകര്യങ്ങളോടുകൂടിയ അഞ്ച് നിലകളുള്ള കെട്ടിടമാണ് ശാസ്താംകോട്ടയുടെ ഹൃദയഭാഗത്ത് നിർമാണം ആരംഭിച്ചത്.
വാട്ടർ അതോറിട്ടിയുടെ ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഒരേക്കറോളം ഭൂമി ഒഴിപ്പിച്ചിടത്താണ് റവന്യൂ ടവർ നിർമിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ മന്ത്രി കെ.എൻ. ബാലഗോപാലാണ് ശിലാസ്ഥാപനം നടത്തിയത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ ചുമതല. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ, തഹസിൽദാർ ആർ.കെ. സുനിൽ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സന്തോഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർമാരായ ആശ, മഞ്ജു, മുൻ ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ എന്നിവരും എം .എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

