വസ്തു റീസർവേ; കുന്നത്തൂർ താലൂക്ക് ഓഫിസിന് മുന്നിൽ ഒറ്റയാൾ സമരം
text_fieldsസുലൈമാൻ കുഞ്ഞ് താലൂക്ക് ഓഫിസിന് മുന്നിൽ സമരം നടത്തുന്നു
ശാസ്താംകോട്ട: 2008ൽ വിലയാധാരം വാങ്ങി കരമൊടുക്കിവരുന്ന വസ്തു റീസർവേ ചെയ്ത് നൽകുന്നില്ലെന്ന ആക്ഷേപവുമായി കുന്നത്തൂർ താലൂക്ക് ഓഫിസിന് മുന്നിൽ വയോധികന്റെ ഒറ്റയാൾ സമരം.
ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ കാട്ടുതറയിൽ സുലൈമാൻ കുഞ്ഞ് (63) ആണ് വ്യാഴാഴ്ച രാവിലെമുതൽ താലൂക്ക് ഓഫിസിന് മുന്നിൽ സത്യഗ്രഹ സമരം ആരംഭിച്ചത്. പത്ത് വർഷത്തിലധികമായി വസ്തു റീസർവേ ചെയ്ത് കിട്ടുന്നതിനുവേണ്ടി സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങുന്നതായി ഇദ്ദേഹം പറയുന്നു.
വില്ലേജ് ഓഫിസർ മുതൽ മുഖ്യമന്ത്രിക്കുവരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് താലൂക്ക് ഓഫിസിന് മുന്നിൽ സമരം ചെയ്യേണ്ടി വന്നത്. കെ.ഐ.പി കനാലിനോട് ചേർന്നാണ് ഇദ്ദേഹത്തിന്റെ വസ്തു. ഇവിടെ ഉണ്ടായിരുന്ന അതിർത്തി കല്ല് ചിലർ ഇളക്കി മാറ്റിയതാണ് തനിക്ക് റീസർവേ ചെയ്ത് കിട്ടുന്നതിന് തടസ്സമെന്നും കല്ല് ഇളക്കി മാറ്റിയവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. സമരം ഇനിയും തുടരും.
അഞ്ച് പ്രാവശ്യം താലൂക്ക് സർവേയർ വസ്തു അളന്ന് തിട്ടപ്പെടുത്തി നൽകി. ബോധ്യമാകാത്തതിനാൽ ജില്ല സർവേയറെത്തി വസ്തു അളന്ന് തിട്ടപ്പെടുത്തിയെന്നും എന്നിട്ടും സുലൈമാൻ കുഞ്ഞിന് ബോധ്യമാകുന്നില്ലെന്നും ഈ കാര്യത്തിൽ ചെയ്യാൻ സാധ്യമായത് എല്ലാം ചെയ്തിട്ടുണ്ടെന്നും കുന്നത്തൂർ തഹസിൽദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

