ശാസ്താംകോട്ടയിലും കടമ്പനാട്ടും വൈദ്യുതി മുടക്കം പതിവ്
text_fieldsശാസ്താംകോട്ട: ശാസ്താംകോട്ട, കടമ്പനാട് സെക്ഷൻ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. രാപകൽ വ്യത്യാസമില്ലാതെയാണ് വൈദ്യുതി മുടങ്ങുന്നത്. ആഴ്ചകളായി ഇതാണ് അവസ്ഥ. ശാസ്താംകോട്ട വൈദ്യുതി ഓഫിസ് പരിധിയിൽപ്പെട്ട ഐ.സി.എസ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായി.
കടമ്പനാട് സെക്ഷൻ പരിധിയിൽ പകൽ സമയത്ത് സെക്കന്റുകളുടെ ഇടവേളകളിൽ വൈദ്യുതി മുടങ്ങുകയാണ്. ഇതിനാൽ ടി.വി, ഫ്രിഡ്ജ്, മിക്സി അടക്കമുള്ള ഗൃഹോപകരണങ്ങൾ തകരാറിലാവുന്നത് പതിവാണ്. പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന കടമ്പനാട് സെക്ഷൻ പരിധിയിൽ കുന്നത്തൂർ, പോരുവഴി പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. അമിത ചൂടിനിടെ വൈദ്യുതി ഇല്ലാത്തതു കാരണം ജനങ്ങൾ വെന്തുരുകുകയാണ്. രാത്രികാലങ്ങളിലും ഇതാണ് അവസ്ഥ. ഉപഭോക്താക്കളും ജനപ്രതിനിധികളും വൈദ്യുതി ഓഫിസിൽ അറിയിച്ചാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്ന് പരാതിയുണ്ട്. അധികാരികളുടെ അനാസ്ഥക്കെതിരെ ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ അധികൃതർക്ക് പരാതി നൽകി.

