നഗ്നചിത്രം ഉപയോഗിച്ച് പണംതട്ടാൻ ശ്രമം: പൊലീസുകാരൻ അറസ്റ്റിൽ
text_fieldsഅവിനാഷ് സുരേന്ദ്രൻ
ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. ശൂരനാട് സ്വദേശിയും അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനുമായ അവിനാഷ് സുരേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ശൂരനാട് സ്വദേശിയായ അതിജീവിതയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി സ്വത്ത് കൈക്കലാക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്.
ആറ് വർഷങ്ങൾക്ക് മുമ്പ് ഇയാൾ അതിജീവിതയുടെ വീട്ടിലെത്തി പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽനിന്ന് ഷെയർ ചെയ്തെടുത്ത അതിജീവിതയുടെ മൈനർ കാലഘട്ടത്തിലെ ഫോട്ടോ ഉപയോഗിച്ചായിരുന്നു തട്ടിപ്പിന് ശ്രമം. സാമൂഹികമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ട് വഴിയും അതിജീവിതയുടെ മാതാവിന്റെ വാട്സ് ആപ്പിലേക്ക് അയച്ചുകൊടുത്തും പ്രചരിപ്പിച്ചുവരികയായിരുന്നു.
ഫോട്ടോ പ്രചരിപ്പിക്കുന്നത് മറ്റാരോ ആണെന്നും ഫോട്ടോകൾ പ്രചരിപ്പിക്കാതിരിക്കുന്നതിന് 15 പവൻ സ്വർണാഭരണങ്ങൾ ആവശ്യമുണ്ടെന്നും നൽകിയില്ലെങ്കിൽ കൂടുതൽ ഫോട്ടോകൾ സാമൂഹികമാധ്യമങ്ങൾ പ്രചരിപ്പിക്കപ്പെടുമെന്നും ഇയാൾ പറഞ്ഞു. ഇതിനെ തുടർന്ന് സംശയം തോന്നിയ പെൺകുട്ടി ശൂരനാട് പൊലീസിൽ പരാതി നൽകി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശൂരനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി സൈബർ തെളിവുകളുടെ അടിസ്ഥാനത്തിൽ ശൂരനാട് ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളെ പൊലീസ് സേനയിൽനിന്ന് പുറത്താക്കിയിരുന്നു. അന്വേഷണസംഘത്തിൽ എസ്.ഐ പ്രശാന്ത്, സി.പി.ഒ അനസ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

