ബൈക്കുകളില്‍ ചീറിപ്പായുന്നവരെ കുടുക്കാൻ എം.വി.ഡി സ്ക്വാഡ്
text_fieldsശാസ്താംകോട്ട: പവര്‍ ബൈക്കുകളില്‍ കാതടപ്പിക്കുന്ന ശബ്ദവുമായി നിരത്തുകളിലൂടെ ചീറിപ്പായുന്നവരെ ൈകയോടെ പൊക്കാൻ എം.വി.ഡി സ്ക്വാഡ് രംഗത്ത്. കുന്നത്തൂര്‍ താലൂക്കിലെ വിവിധ നിരത്തുകളില്‍ രൂപമാറ്റം വരുത്തിയതും അല്ലാത്തുമായ പവര്‍ ബൈക്കുകളില്‍ പായുന്നവരെ ട്രാക്ക് ചെയ്യാനാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ നടപടി തുടങ്ങിയത്.
നിരത്തിലൂടെ മറ്റ് യാത്രക്കാരെ ഞെട്ടിച്ചും അപകടസാധ്യത വര്‍ധിപ്പിച്ചും പായുന്ന യുവാക്കളെ കുരുക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്ന് ജോയന്റ് ആര്.ടി.ഒ ശരത്ചന്ദ്രന് പറഞ്ഞു. ഇത്തരക്കാർക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. രാവിലെയും വൈകീട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നവരാണ് ചീറിപ്പായുന്നവരിൽ ഏറെയും.
കാതടപ്പിക്കുന്ന ശബ്ദവും നടുക്കമുണ്ടാക്കുന്ന വേഗവുമായി പായുന്ന പലരുടെയും വാഹനത്തിന് മതിയായ രേഖകളില്ല. നമ്പര്‍ പോലും പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങളാണ് ഏറെയും. ശാസ്താംകോട്ട-കാരാളിമുക്ക്, മൈനാഗപ്പള്ളി-ശാസ്താംകോട്ട റോഡുകളിലാണ് ഇത്തരക്കാര്‍ കൂടുതൽ.

