വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ
text_fieldsശാസ്താംകോട്ട : രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ നിന്നും യുവതിയെ വിവാഹം കഴിച്ച വിവാഹ തട്ടിപ്പ് വീരനും കൂട്ടാളിയും പിടിയിലായി. കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി (39) ബന്ധുവായി എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരെ കുടുക്കിയത് തന്ത്രപരമായ നീക്കങ്ങളിലൂടെയാണ്.ജോബിൻ എന്ന വ്യാജ പേരാണ് റെജി യുവതിയോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. മുമ്പ് കണ്ണനല്ലൂർ, നല്ലില എന്നിവിടങ്ങളിൽ നിന്നായി രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ഇയാൾക്ക് ഇരു വിവാഹങ്ങളിലുമായി നാല് മക്കളുമുണ്ട്. മൂന്നാം വിവാഹം കഴിച്ചതറിഞ്ഞ രണ്ടാമത്തെ ഭാര്യ കുന്നത്തൂരിൽ അന്വേഷണം നടത്തിയതും ശാസ്താംകോട്ട പൊലീസിൽ നൽകിയ പരാതിയുമാണ് വഴിത്തിരിവായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുന്നത്തൂർ സ്വദേശിനിയുമായുള്ള വിവാഹം നടന്നത്.
ജാതി മാറി വിവാഹം കഴിക്കുന്നതിനാൽ വീട്ടുകാർ സഹകരിക്കില്ലെന്ന് ഇയാൾ യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. വിവാഹത്തിന്റെ പിറ്റേ ദിവസമാണ് രണ്ടാമത് വിവാഹം കഴിച്ച യുവതിയും മക്കളും ഇയാളെ തേടിയെത്തിയത്. ജംഗ്ഷനിലെ കച്ചവടക്കാരോടും ഓട്ടോ ഡ്രൈവർമാരോടും അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞില്ല. തൊട്ടടുത്ത ക്ഷേത്രത്തിൽ ഒരു വിവാഹം നടന്നിരുന്നതായി ഇവർ യുവതിയെ അറിയിക്കുകയും ചെയ്തു. വിവാഹക്ഷണ കത്തിൽ യുവാവ് വ്യാജപേരാണ് നൽകിയിരുന്നത്. ചൊവ്വാഴ്ച ഇവർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തെത്തിയത്. തുടർന്ന് നേരിട്ട് ഇടപെടാതെ, മൂന്നാം വിവാഹത്തിനിരയായ യുവതിയുടെ വീട്ടുകാരെ പൊലീസ് വിവരങ്ങൾ ധരിപ്പിച്ചു. ബുധനാഴ്ച വൈകിട്ടോടെ അടൂരിൽ ഒരു ബന്ധു മരിച്ചതായും ഇതിൽ പങ്കെടുക്കാൻ എത്തണമെന്നും യുവതിയുടെ പിതാവ് അറിയിച്ചു. ഇതനുസരിച്ച് രാത്രി എട്ട് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് കാര്യങ്ങളത്ര പന്തിയല്ലെന്ന് ബോധ്യമായി. തുടർന്ന്
ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. രാത്രി 11.30 ഓടെ തട്ടിപ്പിപ്പുവീരനെ തിരക്കി എത്തിയ ജിജോയെയും നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി. വിവാഹ ആലോചനയുടെ തുടക്കം മുതൽ ബന്ധു ചമഞ്ഞെത്തിയത് ഇയാളായിരുന്നു. ജിജോ റെജിയുടെ കെണിയിൽ അകപ്പെട്ടതായാണ് വിവരം. വിദേശത്ത് ജോലി തരപ്പെടുത്താമെന്ന് അറിയിച്ച് പലപ്പോഴായി ജിജോയുടെ വീട്ടുകാരിൽ നിന്നും ഇയാൾ 35 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു എന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

