ഗൃഹനാഥൻ വീടിന് തീവെച്ചു
text_fieldsശാസ്താംകോട്ട: ശൂരനാട് ഇരവിച്ചിറയിൽ മദ്യപിച്ചെത്തിയ ഗൃഹനാഥൻ വീട് തീവെച്ച് നശിപ്പിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറയിലെ ലിപിൻ ഭവനിലുള്ള മുരളിയാണ് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം വീടിന് തീ കൊളുത്തിയത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
വീടിന് തീവെച്ച ശേഷം ഇയാൾ ഒളിവിൽ പോയതായി ശൂരനാട് പോലീസ് അറിയിച്ചു. മരം കയറ്റ തൊഴിലാളിയായ മുരളി സ്ഥിരം മദ്യപിക്കാറുണ്ടെന്നും വീട്ടിലെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കാറുണ്ടെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. ഇയാൾ സഥിരമായി വീട്ടുപകരണങ്ങൾ തല്ലിതകർക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വീട് പലകയും ഓലയും കൊണ്ടാണ് നിർമ്മിച്ചിരുന്നത്. ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത്താണ് പ്രതി വീടിന് തീവെക്കുന്നത്. വീട് കത്തുന്നത് കണ്ട അയൽക്കാർ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ അടക്കമുള്ള വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അവർ പറഞ്ഞു.
വീട് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. ശാസ്താംകോട്ട ഫയർഫോഴ്സും ശൂരനാട് പോലീസും ചേർന്ന് ഏറെ സാഹസപ്പെട്ടാണ് തീയണച്ചത്.