ശാസ്താംകോട്ട: വെള്ളം ചോദിച്ച് വീട്ടിൽ കയറി വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം മൂന്ന് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്ന യുവാവിനെ ഒന്നര മണിക്കൂറിനകം പിടികൂടി.
ശൂരനാട് വടക്ക് ആനയടി ചെറുകുന്നത്ത് വീട്ടിൽ വിജയലക്ഷ്മിയുടെ (56) മാല പൊട്ടിച്ച് കടന്ന ശൂരനാട് വടക്ക് ആനയടി മിനി നിവാസിൽ അനന്തകൃഷ്ണനെയാണ് (19) ശൂരനാട് പൊലീസ് എസ്.ഐമാരായ പി. ശ്രീജിത്ത്, എസ്. ചന്ദ്രമോൻ, എ.എസ്.ഐമാരായ മധു, രാജീവ്, സി.പി.ഒ വിജേഷ് എന്നിവർ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. ക്ഷീണിതനായി അഭിനയിച്ച് എത്തിയ അനന്തകൃഷ്ണൻ വീടിെൻറ ഇറയത്ത് ഇരിക്കുകയായിരുന്ന വിജയലക്ഷ്മിയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി എഴുന്നേൽക്കവേ ഇയാൾ കൈയിൽ കരുതിയിരുന്ന മുളകുപൊടി വിജയലക്ഷ്മിയുടെ കണ്ണിൽ വിതറി.
ഇവരെ തള്ളി മറിച്ചിട്ടശേഷം മാല പൊട്ടിച്ച് ഓട്ടോയിൽ സ്ഥലം വിട്ടു. വീട്ടമ്മയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ശൂരനാട് എസ്.ഐ പി. ശ്രീജിത്തിനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഉടുപ്പിെൻറ കീശയിൽ നിന്ന് മാല കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്ത് കോവിഡ്നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.