ജനഹിതത്തിൽ അടിപതറി നേതാക്കൾ
text_fieldsശാസ്താംകോട്ട: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ താലൂക്കിലെ പല നേതാക്കളും അടിപതറി. യു.ഡി.എഫിന്റെ കുത്തക പഞ്ചായത്തുകളിൽ ഒന്നായ മൈനാഗപ്പള്ളിയിൽ ഭരണം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല നിരവധി പ്രമുഖർ ഇവിടെ പരാജയപ്പെടുകയും ചെയ്തു.
ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദിന്റെ സ്വന്തം പഞ്ചായത്താണ് മൈനാഗപ്പള്ളി എന്ന പ്രത്യേകത കൂടിയുണ്ട്. കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറും മുൻ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ വൈ. ഷാജഹാൻ, മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം പ്രസിഡൻ്റും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ പി.എം. സെയ്ദ്, മുൻ വൈസ് പ്രസിഡൻറും നിലവിലെ പ്രസിഡൻറ് സ്ഥാനാർഥിയുമായ ബി. സേതുലക്ഷ്മി തുടങ്ങിയവരാണ് യു.ഡി.എഫിൽ പരാജയപ്പെട്ട പ്രമുഖർ. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.ഓമനക്കുട്ടൻ,ടി. മോഹനൻ എന്നിവരും ഇവിടെ പരാജയപ്പെട്ടു. പടി. കല്ലടയിൽ സി.പി.എം നേതാവും മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ എസ്. സുധീർ പരാജയപ്പെട്ടു.
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ എം.വി. താരാഭായിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായ കെ.കെ. രവികുമാറും പരാജയപ്പെട്ടു. കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മറ്റി പ്രസിഡൻറും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കാരയ്ക്കാട്ട് അനിൽ, സി.പി.എം നേതാവും നിലവിലെ വൈസ് പ്രസിഡൻറുമായിയിരുന്ന ബിനീഷ് കടമ്പനാട്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും ആയ എസ്. ശശികുമാർ എന്നിവർ പരാജയപ്പെട്ടു.
പോരുവഴി ഗ്രാമ പഞ്ചായത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായ പി.കെ രവി പരാജയപ്പെട്ടു. ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ സി. സരസ്വതിയമ്മ പരാജയപ്പെട്ടു. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ മുൻ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും നിലവിലെ പ്രസിഡൻറ് സ്ഥാനാർത്ഥിയും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരന്റെ സഹോദരിയുമായ അംബിക വിജയകുമാർ പരാജയപ്പെട്ടു.
ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് കടപ്പ വാർഡിലെ സ്ഥാനാർത്ഥിയുമായ രവി മൈനാഗപ്പള്ളി,നിലവിലെ ഗ്രാമ പഞ്ചായത്ത് അംഗവും ബ്ലോക്ക് പഞ്ചായത്ത് ആനയടി ഡിവിഷനിലെ സ്ഥാനാർഥിയുമായ ഗംഗാദേവി , യു.ഡി.എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മറ്റി ചെയർമാനും ജില്ലാ പഞ്ചായത്ത് ശൂരനാട് ഡിവിഷനിലെ സ്ഥാനാർത്ഥിയുമായ ഗോകുലം അനിൽ, മഹിളാ കോൺഗ്രസ് ജില്ലാ ട്രഷററും ജില്ലാ പഞ്ചായത്ത് കുന്നത്തൂർ ഡിവിഷനിലെ സ്ഥാനാർത്ഥിയുമായ ഷീജാ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് തൊടിയൂർ ഡിവിഷനിലെ സ്ഥാനാർഥിയും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ.എസ്.പിയിലെ കെ. രാജി എന്നിവരും പരാജയപ്പെട്ട പ്രമുഖരിൽപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

