കല്ലട ജലസേചന പദ്ധതി; കനാലുകൾ വൃത്തിയാക്കാൻ നടപടിയായില്ല
text_fieldsകാടുപിടിച്ച് കിടക്കുന്ന കനാൽ. ശാസ്താംകോട്ടയിൽ
നിന്നുള്ള ദൃശ്യം
ശാസ്താംകോട്ട: വേനൽ ശക്തിപ്പെട്ടിട്ടും കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ വൃത്തിയാക്കാനുള്ള നടപടി ഇനിയും ആരംഭിച്ചില്ല. ഈ മാസം 10 മുതൽ വെള്ളം ഒഴുക്കുമെന്ന് അധികൃതർ പറയുമ്പോഴാണ് കനാൽ വൃത്തിയാക്കാൻ നടപടി ഇല്ലാത്തത്. കെ.ഐ.പി വലതുകര കനാലിന്റെ ഭാഗമായി
കുന്നത്തൂർ താലൂക്കിൽ ഉപ കനാലുകൾ ഉൾപ്പെടെ 240 കിലോമീറ്റർ കനാൽ ശൃംഖലയാണുള്ളത്. മുമ്പ് കെ.ഐ.പി കരാർ നൽകിയാണ് ശുചീകരണം നടത്തിയിരുന്നത്. ഇതിൽ അഴിമതി ആരോപണം ഉയർന്നതോടെ
കഴിഞ്ഞ കുറെ വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ കനാൽ വൃത്തിയാക്കൽ വൈകിയിരുന്നു. ഇതിനെ തുടർന്ന്
കനാൽ തുറന്ന് വിടുന്നത് വൈകിയതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയും ശുചീകരണം പൂർത്തിയാവാതെ തന്നെ വെള്ളം ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത് പല സ്ഥലത്തും ജലം ഒഴുകുന്നതിന് തടസമാവുകയും കനാൽ കര കവിഞ്ഞ് ഒഴുകുന്നതിന് കാരണമാവുകയും ചെയ്തിരുന്നു.
ഈ പ്രാവശ്യവും വെള്ളം ഒഴുകുന്ന ഭാഗം മാത്രം വൃത്തിയാക്കാനുള്ള കെ. ഐ.പി അധികൃതരുടെ ശ്രമം പോരുവഴി മേഖലയിൽ പ്രദേശവാസികൾ ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ കനാൽ അടിയന്തിരമായി വൃത്തിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ പരിമിതമായ ദിവസത്തിനുള്ളിൽ കനാൽ വൃത്തിയാക്കൽ സാധ്യമാകുമോ എന്ന കാര്യം സംശയമാണ്. കഠിനമായ വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്ന കുന്നത്തൂരിൽ കനാൽ തുറക്കുന്നത് ഒരു പരിധി വരെ ആശ്വാസമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.