സ്റ്റോപ് മെമ്മോ മറികടന്ന് ശാസ്താംകോട്ട തടാക തീരത്ത് അനധികൃത നിർമാണം
text_fieldsശാസ്താംകോട്ട തടാകതീരത്ത് നടക്കുന്ന അനധികൃത കെട്ടിടനിർമാണം
ശാസ്താംകോട്ട: ശാസ്താംകോട്ട പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ നിലനിൽക്കെ ശാസ്താംകോട്ട തടാകതീരത്ത് അനധികൃതമായി കെട്ടിട നിർമാണം നടത്തുന്നതായി പരാതി. താലൂക്ക് ഓഫിസ്, പൊലീസ് സ്റ്റേഷൻ, കോടതി എന്നിവയെല്ലാം പ്രവർത്തിപ്പിക്കുന്നതിന് വിളിപ്പാടകലെയാണ് നിർമാണപ്രവർത്തനം നടന്നത്.
തടാകത്തിന്റെ അമ്പത് മീറ്റർ ചുറ്റളവിൽ ഒരു നിർമാണവും നടത്തരുതെന്ന ഉത്തരവ് നിലനിൽക്കെ ഓണാവധിക്കാലത്താണ് ശാസ്താംകോട്ട ബാറിലെ അഭിഭാഷകൻ കെട്ടിട നിർമാണം ആരംഭിച്ചത്. കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതോടെ നിർമാണം നിർത്തിവെക്കാനാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകി.
എന്നാൽ, പിന്നീടും അവധിദിനങ്ങൾ മുതലെടുത്ത് നിർമാണം തകൃതിയായി നടന്നു. ഇത്തരത്തിൽ രണ്ട് നില കെട്ടിടമാണ് ഉയർന്നത്. വെള്ളിയാഴ്ച അവധിദിനം മുതലെടുത്ത് രണ്ടാംനിലയുടെ കോൺക്രീറ്റ് അതീവ രഹസ്യമായി പുലർച്ചെ മുതൽ നടത്തുകയായിരുന്നു. വിവരമറിഞ്ഞ് ‘നമ്മുടെ കായൽ കൂട്ടായ്മ’ ചെയർമാനും മുൻ പഞ്ചായത്തംഗവുമായ എസ്. ദിലീപ് കുമാർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചു.
പിന്നീട് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത പൊലീസിനെ വിവരമറിച്ചു. പൊലീസെത്തി നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, സ്വന്തം ഭൂമിയിലാണ് നിർമാണം നടത്തുന്നതെന്നായിരുന്നു അഭിഭാഷകന്റെ വാദം. നിർമാണ പ്രവർത്തനം പൊലീസ് ഇടപെട്ട് നിർത്തിവെച്ചെങ്കിലും ഇവർ മടങ്ങിയ ശേഷം വീണ്ടും നിർമാണം നടന്നതായാണ് വിവരം. അതിനിടെ അനധികൃത നിർമാണത്തിനെതിരെ ശനിയാഴ്ച പഞ്ചായത്ത് സെക്രട്ടറി ശാസ്താംകോട്ട പൊലീസിൽ പരാതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

