ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡരികിൽ മാലിന്യം നിറയുന്നു
text_fieldsറെയിൽവേ സ്റ്റേഷന് റോഡിന് സമീപത്തെ വയലിൽ മാലിന്യം തള്ളിയിരിക്കന്നു
ശാസ്താംകോട്ട: കാരാളിമുക്ക്-ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡ് മാലിന്യക്കൂമ്പാരമാകുന്നു. െട്രയിൻ യാത്രക്കാരുൾപ്പെടെ നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡിൽ മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. കാരാളിമുക്കിൽ നിന്ന് റെയിൽവേ സ്റ്റേഷൻ വരെയുള്ള രണ്ട് കിലോമീറ്ററോളം റോഡിന്റെ ഒരു ഭാഗം റെയിൽവേ ട്രാക്കാണ്. ഇവിടെ കാട് പിടിച്ച് കിടക്കുകയാണ്. മറുഭാഗത്ത് ഒറ്റപ്പെട്ട ചില വീടുകൾ മാത്രമാണുള്ളത്.
ഇത് മാലിന്യം തള്ളാനെത്തുന്നവർക്ക് ഏറെ സൗകര്യമാണ്. രാത്രികാലങ്ങളിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. കോഴിഫാമുകൾ, വീടുകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, ബാർബർ ഷാപ്പുകളിൽ നിന്ന് ചാക്കു കണക്കിന് മുടി, അപ്ഹോൾസ്റ്ററി കടകളിൽ നിന്നുള്ള വേസ്റ്റ്, പഴയ തുണികൾ, ചെരുപ്പുകൾ തുടങ്ങി എല്ലാം കൊണ്ടുവന്ന് തള്ളുന്നത് ഇവിടെയാണ്.
നേരത്തേ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഭാഗത്തായിരുന്നു മാലിന്യം തള്ളിയിരുന്നതെങ്കിൽ ഇപ്പോൾ എതിർ ഭാഗത്തുള്ള വയലിലും സമീപത്തെ വലിയ കലുങ്കിന് കീഴിലും വ്യാപകമായി മാലിനും തള്ളുന്നു. ഇതുമൂലം ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കൾ മാലിന്യം റോഡിലേക്ക് വലിച്ചിട്ടുന്നതുമൂലം കാൽ നടയായി പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്.
താലൂക്കിലെ പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കാൻ 14 ലക്ഷം രൂപയുടെ പദ്ധതി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കുകയും ചില സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ കാമറക്കായി തൂൺ സ്ഥാപിച്ചങ്കിലും നടപ്പായില്ല. അടിയന്തരമായി ഈ ഭാഗത്ത് കാമറ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.