വീട്ടമ്മക്കും യുവാവിനുമെതിരെ ഗുണ്ടാനിയമം ചുമത്തി
text_fieldsസവാദ്, ബിന്ദു ജനാർദനന്
ശാസ്താംകോട്ട: അബ്കാരി ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ വീട്ടമ്മക്കും യുവാവിനുമെതിരെ ഗുണ്ടാനിയമപ്രകാരം പൊലീസ് നടപടി സ്വീകരിച്ചു. ശൂരനാട് വടക്ക് ഇടപ്പനയം മുറിയില്‍ പാറക്കടവ് അമ്മു നിവാസില്‍ ബിന്ദു ജനാര്ദനന് (45), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് മുറിയില്‍ കാലതിവിള വീട്ടില്‍ സവാദ് (22) എന്നിവര്‍ക്കെതിരെയാണ് നടപടി.
സവാദിനെ ആറുമാസത്തേക്ക് ജില്ലയില്‍നിന്ന് നാടുകടത്താനും ബിന്ദുവിന്റെ ആറുമാസത്തെ സഞ്ചാര വിവരങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നും ഓരോ ആഴ്ചയിലെയും വിവരങ്ങള്‍ വെള്ളിയാഴ്ചകളില്‍ റൂറല്‍ വനിതാസെല്‍ ഇന്‍സ്പെക്ടറുടെ മുന്നില്‍ ഹാജരായി സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്കി.
സവാദ് ശൂരനാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ കഞ്ചാവ് കടത്തിയതുള്‍പ്പെടെ നാല് കേസുകളിലും ബിന്ദു ജനാർദനന് നാല് അബ്കാരി കേസുകളിലും വീട്ടില്‍ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണ്.

