കുന്നത്തൂരിൽ പുഷ്പകൃഷി തുടങ്ങി
text_fieldsകുന്നത്തൂർ പഞ്ചായത്തിൽ പുഷ്പകൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ. വത്സലകുമാരി നിർവഹിക്കുന്നു
ശാസ്താംകോട്ട: ഓണക്കാലത്ത് വിളവെടുക്കുക്കാൻ കുന്നത്തൂർ പഞ്ചായത്തിൽ പുഷ്പ കൃഷി തുടങ്ങി. ഞങ്ങളും കൃഷിയിലേക്കെന്ന പദ്ധതിപ്രകാരം പരമാവധി സ്ഥലങ്ങളിൽ പുഷ്പ കൃഷി നടത്താനാണ് തീരുമാനം. വരുന്ന ഓണക്കാലത്ത് പഞ്ചായത്ത് പ്രദേശത്ത് പൂക്കളുടെ ലഭ്യത ഉറപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി പഞ്ചായത്തിലെ മുഴുവൻ പുഷ്പകൃഷിത്തോട്ടത്തിലും തൈകൾ നട്ടു.
എം.ജി.എൻ.ആർ.ഇ.ജി.എസിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുതല ഉദ്ഘാടനം പത്താംവാർഡ് പള്ളത്ത് ജങ്ഷനുസമീപം നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ. വത്സലകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ രാജൻ നാട്ടിശ്ശേരി, ബി. അരുണാമണി, കൃഷി ഓഫിസർ നന്ദകുമാർ, അസി. കൃഷി ഓഫിസർ അനീഷ്, കൃഷി അസി. പ്രവീൺ, ശ്യാം എന്നിവർ സംസാരിച്ചു.

