ആനന്ദത്തിൽ ആറാടി ആനയടി ഗജമേള
text_fieldsആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ നടന്ന ഗജമേള
ശാസ്താംകോട്ട: ആനപ്രേമികളെ ആനന്ദത്തിൽ ആറാടിച്ച് ആനയടിയിൽ ഗജമേള നടന്നു. ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ഗജമേള വൈകീട്ട് അഞ്ചോടെയാണ് ആരംഭിച്ചത്.
ക്ഷേത്രത്തിനു സമീപത്തെ വിശാലമായ വയൽപരപ്പിൽ അർധചന്ദ്രാകൃതിയിലാണ് മേളക്കായി ആനകൾ അണിനിരന്നത്. ആനയടി ദേവസ്വം അപ്പു, തൃക്കടവൂർ ശിവരാജു, തിരുവാണിക്കാവ് രാജഗോപാൽ, പുതുപ്പള്ളി സാധു, കുളമാക്കിൽ പാർത്ഥസാരഥി, പരിമണം വിഷ്ണു, ചിറയ്ക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഗജശ്രേഷ്ഠരോടൊപ്പം നേർച്ചയായി എഴുന്നെള്ളിച്ച നാൽപതോളം ഗജവീരന്മാരും അണിനിരന്നു. ആനപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ കരിവീരന്മാർ നെറ്റിപ്പട്ടം കെട്ടി ആനച്ചന്തത്തിന്റെ അഴക് വിടർത്തി നിരന്നു.
നരസിംഹപ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റി. വൈകീട്ട് മൂന്നുമുതൽ വിദേശികളുൾപ്പെടെ ആയിരങ്ങളാണ് പൂര നഗരിയിലേക്ക് ഒഴുകിയെത്തിയത്. പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ 51 വാദ്യകലാകാരന്മാർ അണിനിരന്ന പാണ്ടിമേളം താളവിസ്മയം തീർത്തു.
ഉത്സവത്തിന് സമാപനംകുറിച്ച് വൈകീട്ട് നടന്ന ദേവന്റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും ഭക്തിനിർഭരമായി. ഗജമേളയോടനുബന്ധിച്ച് പൊലീസും എലിഫന്റ് സ്ക്വാഡും ഫയർഫോഴ്സും ശക്തമായ മുൻകരുതലാണ് ഏർപ്പെടുത്തിയിരുന്നത്. ഭക്തരുടെ സൗകര്യാർത്ഥം വിവിധ കെ.എസ്.അർ.ടി.സി ഡിപ്പോകളിൽനിന്ന് ക്ഷേത്രത്തിലേക്ക് ബസ് സർവിസും നടത്തിയിരുന്നു.
വിസ്മയ കാഴ്ചയൊരുക്കി തഴുത്തല ഗജമേള
കൊട്ടിയം: ദൃശ്യവിസ്മയ കാഴ്ചയൊരുക്കി തഴുത്തല ഗജമേള. ഗജമേളക്ക് സാക്ഷിയാവാൻ വിദേശികളും സ്വദേശികളും അടക്കം ആയിരങ്ങളാണ് കൊട്ടിയത്ത് എത്തിയത്. തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോത്സവ ഭാഗമായാണ് ഗജമേള സംഘടിപ്പിച്ചത്. കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാർ അണിനിരന്നതോടെ കൊട്ടിയം-കണ്ണനല്ലൂർ റോഡ് മനുഷ്യക്കടലായി മാറി. വൈകീട്ട് ആറോടെയാണ് ഗജവീരന്മാർ കൊട്ടിയം ജങ്ഷനിലെത്തിയത്. പഞ്ചവാദ്യം, ചെണ്ടമേളം, പാഞ്ചാരിമേളം തുടങ്ങിയവയുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെയായിരുന്നു പരിപാടി. ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും എലിഫൻറ് സ്ക്വാഡും സ്ഥലത്തുണ്ടായിരുന്നു.
തഴുത്തല ഗജമേളയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

