ടൈംടേബിൾ മാറി പരീക്ഷ നടത്തിയതായി പരാതി; പ്രതിഷേധവുമായി രക്ഷാകർത്താക്കൾ
text_fieldsRepresentational Image
ശാസ്താംകോട്ട: ശൂരനാട് തെക്ക് കുമരംചിറ ഗവ. യു.പി.എസിൽ ടൈംടേബിൾ മാറി പരീക്ഷ നടത്തിയതായി പരാതി. തെറ്റ് മനസ്സിലായതോടെ ചോദ്യ പേപ്പർ തിരികെ വാങ്ങി വിദ്യാർഥികളെ മടക്കി അയച്ചു. ആറാം ക്ലാസിലെ ആർട്ട് വിഭാഗത്തിലുള്ള പരീക്ഷ ആദ്യ ടൈംടേബിൾ പ്രകാരം ബുധനാഴ്ചയാണ് നടക്കേണ്ടിയിരുന്നത്.
എന്നാൽ 10നെത്തിയ പുതുക്കിയ ടൈംടേബിൾ പ്രകാരം ഇത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇത് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധിക്കാതെയാണ് കുമരംചിറ യു.പി.എസിൽ ബുധനാഴ്ച പരീക്ഷ നടത്തിയത്.
പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് സ്കൂൾ അധികൃതർക്ക് അബദ്ധം മനസ്സിലായത്. തുടർന്ന് വിദ്യാർഥികളുടെ കൈയിൽനിന്ന് ചോദ്യപേപ്പർ തിരികെ വാങ്ങി പരീക്ഷ അവസാനിപ്പിച്ചു. മുടങ്ങിയ പരീക്ഷ വെള്ളിയാഴ്ച വീണ്ടും നടത്തി. ചോദ്യപേപ്പർ ചോർന്നതോടെ പരീക്ഷ അപ്രസക്തമായിരിക്കുകയാണെന്നും പരീക്ഷ നടത്തിയത് പ്രഹസനമാണെന്നും ചൂണ്ടിക്കാട്ടി രക്ഷാകർത്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
അതേസമയം, ബുധനാഴ്ച ഉച്ചക്ക് 12ന് നടക്കേണ്ട സംസ്കൃത പരീക്ഷ ഉച്ചക്ക് രണ്ടിനും രണ്ടിന് നടത്തേണ്ട മലയാളം പരീക്ഷ ടൈംടേബിൾ തെറ്റിച്ച് ഉച്ചക്ക് 12നും നടത്തിയെന്നും പരാതിയുണ്ട്.
സംസ്കൃത അധ്യാപികക്ക് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഇത്തരത്തിൽ പരീക്ഷ സമയം മാറ്റിയതെന്നാണ് രക്ഷിതാക്കൾ ആരോപണം ഉന്നയിക്കുന്നത്. സ്കൂളിലെ അക്കാദമിക നിലവാരം തകർക്കുന്ന രീതിയിൽ അധ്യാപകർ കാട്ടുന്ന അനാസ്ഥക്കെതിരെ നിരവധി പരാതികൾ ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് ലഭിക്കുന്നുണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
സർക്കാർ വിദ്യാലയത്തിൽനിന്ന് നിരന്തരം ഉണ്ടാകുന്ന ഈ അനാസ്ഥക്കെതിരെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാൻ ഒരുങ്ങുകയാണ് രക്ഷാകർത്താക്കൾ.