റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ നെട്ടോട്ടം
text_fieldsRepresentational Image
ശാസ്താംകോട്ട: പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാനുള്ള തീയതി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, മിക്ക പഞ്ചായത്തുകളിൽനിന്നും ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നില്ലെന്ന് ആക്ഷേപം. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകുന്നതിന് പഞ്ചായത്തുകളിൽ നിന്ന് പ്രധാനമായും വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സെക്രട്ടറിയുടെ സാക്ഷ്യപത്രം എന്നിവ ആവശ്യമാണ്.
എന്നാൽ, ഈ സർട്ടിഫിക്കറ്റുകൾ നൽകാൻ മിക്കവാറും പഞ്ചായത്തുകൾ തയാറാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്. സർട്ടിഫിക്കറ്റുകൾക്കായി ഫ്രണ്ട് ഓഫിസ് വഴി വെവ്വേറെ അപേക്ഷകളാണ് നൽകേണ്ടത്. പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രത്തിനായുള്ള അപേക്ഷയിൽ വി.ഇ.ഒയുടെ റിപ്പോർട്ട് കൂടി ചേർത്താണ് സമർപ്പിക്കേണ്ടത്.
എന്നാൽ, അപേക്ഷയുമായി സമീപിക്കുമ്പോൾ തന്നെ വീടിന്റെ വിസ്തീർണം ചോദിക്കുകയും ആയിരത്തിന് മുകളിലെങ്കിൽ അപേക്ഷ നിരസിക്കുകയുമാണ് ചെയ്യുന്നത്. അപേക്ഷകരിൽ പലരും സ്വന്തം വീടിന്റെ യഥാർഥ വിസ്തീർണം എത്രയെന്ന് അറിയാത്തവരാകും. ഇതിനാൽ കൂടുതലും കുറവും പറയുന്നവരുമുണ്ടാകും.
സർട്ടിഫിക്കറ്റുകൾ ആവശ്യമായവർക്ക് അപേക്ഷയുടെ അടിസ്ഥാനത്തിൽ വീടുകളിലെത്തി അളന്ന് തിട്ടപ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇതിനായി വാർഡ് അടിസ്ഥാനത്തിൽ പഞ്ചായത്തുകളിൽ ജീവനക്കാർക്ക് ചാർജും നൽകിയിട്ടുണ്ട്.
അപേക്ഷക്കൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അർഹരെയും അനർഹരെയും നിശ്ചയിക്കേണ്ടത് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് അധികൃതരാണ്. വീടിന്റെ വിസ്തീർണം കൂടുതലുള്ളവർക്ക് മറ്റ് പല സർട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിൽ മുൻഗണന വിഭാഗത്തിലേക്ക് മാറാൻ കഴിയുമെന്നിരിക്കെയാണ് ചില പഞ്ചായത്തുകൾ സാധാരണക്കാരോട് ക്രൂരത കാട്ടുന്നത്.
ഇത് സംബന്ധിച്ച് കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫിസർ പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, വീടിന്റെ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, വിധവ സർട്ടിഫിക്കറ്റ്, വികലാംഗ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, തൊഴിലുറപ്പ് കാർഡ്, ക്ഷേമനിധി കാർഡുകൾ, സ്വന്തമായി വീടും വസ്തുവുമില്ലാത്തവർ ആയത് തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ അപക്ഷയോടൊപ്പം സമർപ്പിക്കണമെന്നാണുള്ളത്.
ഒക്ടോബർ 10ന് ആരംഭിച്ച അപേക്ഷ സമർപ്പണം 20ന് അവസാനിക്കും. എന്നാൽ, ചില ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നിരവധിയാളുകൾക്ക് അപേക്ഷ നൽകാൻ പോലും കഴിഞ്ഞിട്ടില്ല. അതിനിടെ പിടിപാടുള്ളവർക്ക് മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാതെ സർട്ടിഫിക്കറ്റുകൾ നൽകുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

