അമലിന്റെ ആത്മഹത്യക്ക് പിന്നിലും ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി
text_fieldsഅമൽ
ശാസ്താംകോട്ട: സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പിനെ തുടർന്നുള്ള ആത്മഹത്യകൾ വർധിക്കുമ്പോൾ കുന്നത്തൂർ സ്വദേശി അമലിന്റെ (25) മരണവും ഈ കെണിയിൽപ്പെട്ട്. ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണം തുടർന്നുണ്ടായില്ല. മൂന്ന് വർഷം മുമ്പാണ് കുന്നത്തൂർ പടിഞ്ഞാറ് ലക്ഷ്മി ഭവനിൽ രാധാകൃഷ്ണപിള്ളയുടെയും മിനിയുടെയും മകൻ അമൽ പനന്തോപ്പ് പാറമടയിലെ വെള്ളക്കെട്ടിൽ ചാടി ആത്മഹത്യ ചെയ്തത്.
കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു അമൽ. ഓൺലൈൻ ആപ് വഴി ഒന്നര ലക്ഷം രൂപക്ക് അമൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ പണം ലഭിച്ചില്ല. പിന്നീട് ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘം അമലിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 70,000 ത്തിലധികം രൂപ തട്ടിയെടുത്തു.
ഇക്കാര്യം വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി കൊണ്ടുനടന്ന അമൽ സുഹൃത്തുക്കളിൽനിന്ന് കടം വാങ്ങിയാണ് ആഴ്ചതോറും പണം അടച്ചുകൊണ്ടിരുന്നത്. കടം വാങ്ങിയ പണം സൃഹൃത്തുക്കൾക്ക് മടക്കിനൽകാനും ഏറെ പ്രയാസപ്പെട്ടു. ഒടുവിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. രാത്രിയിൽ പാതയോരത്ത് ബൈക്ക് െവച്ചതിനുശേഷം പാറമടയിലേക്ക് ചാടുകയായിരുന്നു. ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിക്കുകയും അമലിന്റെ സുഹൃത്തുക്കളെയടക്കം ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
തുടർന്ന് ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയാണ് മരണകാരണമെന്ന് കണ്ടെത്തി. അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടരന്വേഷണം മുന്നോട്ടുപോയില്ല.
എന്തുകൊണ്ടാണ് അന്വേഷണം നിലച്ചതെന്ന് വ്യക്തമായി വിശദീകരിക്കാൻ പൊലീസും തയാറാവുന്നില്ല. ഗ്രാമീണ മേഖലയിലടക്കം നിരവധിപേർ ഇത്തരത്തിൽ ഓൺലൈൻ വായ്പാസംഘത്തിന്റെ കെണിയിൽ അകപ്പെടുന്നുണ്ട്. പലരും കടംവാങ്ങിയാണ് ഇത്തരം തട്ടിപ്പുകാർക്ക് പണം നൽകുന്നതും വലിയ സാമ്പത്തിക ബാധ്യതയിൽ അകപ്പെടുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

