യുവാവിനെ ആക്രമിച്ച സംഭവം; രണ്ടുപേർ അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ മുകേഷ്, അനില്‍ കുമാര്‍ എന്നിവർ
ശാസ്താംകോട്ട: വയോധികയെ മര്‍ദിക്കുന്നത് തടയാനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. വടക്കേമുറി മുകേഷ് ഭവനത്തില്‍ മുകേഷ്, അനിതാ ഭവനില്‍ അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
പോരുവഴി വടക്കേ മുറിയില്‍ വീട്ടമ്മയായ വയോധികയെ മര്‍ദിക്കുന്നത് തടയാനെത്തിയ പോരുവഴി വടക്കേമുറി ജയചന്ദ്ര ഭവനത്തില്‍ ജയചന്ദ്രനാണ് (32) വെട്ടേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വയോധികയെ മുകേഷും അനില്‍കുമാറും ചേര്‍ന്ന് മര്‍ദിച്ചത്. ജയചന്ദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് തടസ്സം പിടിക്കുകയും വയോധികയെ മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യംമൂലം വ്യാഴാഴ്ച പുലര്‍ച്ച രണ്ടിന് ഇവർ ജയചന്ദ്രനെ ആക്രമിച്ച് പരിക്കേല്പിക്കുകയായിരുന്നു.
മലനട ക്ഷേത്രത്തിലെ പള്ളിപ്പാനയുടെ ഭാഗമായുള്ള പറയിടീല്‍ ഘോഷയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ജയചന്ദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് താലപ്പൊലിയുടെ ഭാഗമായി വഴിയരികില്‍ സ്ഥാപിച്ചിരുന്ന വിളക്കുകള്‍ നീക്കം ചെയ്യുന്ന സമയത്തായിരുന്നു മുളകുപൊടി വിതറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയത്. ശൂരനാട് സി.ഐ ജോസഫ് ലിയോണ്‍, എസ്.ഐ രാജന് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

